
കോട്ടയം: കണ്ടു പഠിച്ച നൃത്തച്ചുവടുകൾ ഗംഭീരമായി വേദിയിലവതരിപ്പിച്ച് സദസിനെ കൈയിലെടുത്തു എം.എസ് ദേവലക്ഷ്മി. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ശ്രവണ പരിമിതരുടെ നാടോടി നൃത്തത്തിൽ ദേവലക്ഷ്മി ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അടൂർ മണക്കാല സി.എസ്.ഐ എച്ച്.എസ്.എസ് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നൃത്തങ്ങളുടെ ചിത്രങ്ങൾ കണ്ടാണ് നൃത്തം പഠിക്കണമെന്ന ആഗ്രഹം തോന്നിയത്. ആദ്യമൊക്കെ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്കയുണ്ടായിരുന്നതായി അമ്മ ശിശിദ പറഞ്ഞു. നാലാം ക്ലാസ് മുതൽ നൃത്ത പഠനം ആരംഭിച്ചു. സ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായ ദേവികയായിരുന്നു ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. നൃത്തങ്ങളുടെ വീഡിയോകളും കാണിച്ചുകൊടുത്തു. ഇതിലൂടെ അഭിനയവും താളവും ദേവലക്ഷ്മി അതിവേഗം മനസിലാക്കി. പിന്നീട്, ശാസ്താംകോട്ട തപസ്യ സ്‌കൂൾ ഒഫ് ഡാൻസിൽ നൃത്തം പരിശീലിച്ചു തുടങ്ങി. അഞ്ച് വർഷമായി ഭരതനാട്യം, കുച്ചിപ്പുഡി എന്നിവ പഠിക്കുന്നുണ്ട്. രണ്ട് മാസം മുൻപായിരുന്നു അരങ്ങേറ്റം. ആദ്യമായിട്ടാണ് സിംഗിൾ മത്സരത്തിന് ഒന്നാംസമ്മാനം ലഭിക്കുന്നത്. ഒപ്പന, തിരുവാതിര എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. നൃത്തത്തിനൊപ്പം ഫാഷൻ ഡിസൈനിംഗും പഠിക്കണമെന്നാണ് ആഗ്രഹം. ശൂരനാട് കോട്ടേരത്ത് മുരളീധരൻ -ശിശിദ ദമ്പതികളുടെ മകളാണ്. വിഷ്ണുദേവ് ആണ് സഹോദരൻ.