
സേനയ്ക്ക് അപമാനമായ മാങ്ങാ കള്ളൻ പൊലീസുകാരനെ പിടിക്കാൻ ഒപ്പമുള്ള ഏമാൻമാർ മഷിയിട്ടു നോക്കിയിട്ടും കിട്ടാതെ വന്നതിനിടയിൽ പരാതിക്കാരനെ സ്വാധിനിച്ച് കോടതിയിൽ കേസ് ഒത്തുതീർപ്പാക്കി കള്ളൻ പൊലീസ് മാന്യനായി പുറത്തുവരുമ്പോൾ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്ന് ചോദിച്ചുപോവുകയാണ് .
കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് പറയുംപോലെ പരാതിക്കാരനെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള കളി നടത്തിയാൽ മോഷണണകുറ്റം ഇല്ലാതാകുമോ പൊലീസ് സേനയ്ക്കുണ്ടായ മാനക്കേട് മാറുമോ എന്നാണ് നാട്ടുകാരുടെ സംശയം. കള്ളൻ പൊലീസ് ഒളിവിൽ കഴിഞ്ഞത് ചില ഏമാൻമാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാർക്കറിയാം. പരാതിക്കാരനെ സ്വാധീനിച്ച് കേസ് ഒത്തു തീർപ്പാക്കുന്നതിലും സഹപ്രവർത്തകരായ ഏമാനമാർ കളിച്ചെന്ന് ഉറപ്പാണ് .
ആളും പേരുമില്ലാത്ത പൊതുവഴിയിൽ കുട്ടയിൽ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരായ്ക്ക് സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചു വീട്ടിൽ കൊണ്ടു പോയെന്നാണ് കള്ളൻ പൊലീസിനെതിരായ കുറ്റം. കട ഉടമ വച്ച സി.സി ടി.വി കാമറയിൽ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞതിനാൽ തൊണ്ടി സഹിതം ഏമാൻ പിടിയിലായി. സോഷ്യൽ മീഡിയായിൽ ഇത് വൈറലായതോടെ നിൽക്കക്കള്ളിയില്ലാതെ സസ്പെന്റു ചെയ്തു.
മാങ്ങാ മോഷണം നടത്തിയ ഏമാൻ വെറുമൊരു മോഷ്ടാവല്ല . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സിനെ വിവാഹ വാഗ്ദാന നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇവരെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും ശ്രമിച്ച കേസിലും പ്രതിയാണ് . ഡ്യൂട്ടിയിലല്ലാത്തപ്പോഴും പൊലീസ് വേഷത്തിൽ നാട്ടുകാരെ വിരട്ടൽ. സകല മാഫിയകളുടെയും ഉറ്റബന്ധു, ശബരിമല അയ്യപ്പനെ കാണാൻ ക്യൂവിൽ നിൽക്കാതെ വി.ഐ.പി ദർശനം നടത്താൻ പിരിവു നടത്തിയ വീരൻ തുടങ്ങി കള്ളൻ പൊലീസിനെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടും ഒരു കേസിലും അന്വേഷണം മുന്നോട്ടു നീക്കാതെ പൊന്നുംകുടമായി സംരക്ഷിക്കുകയാണ് .അവസാനം മാങ്ങാമോഷണ കേസിലും ക്ലീൻ ചിറ്റോടെ പുറത്തുവരുമ്പോൾ ഇത്രയും കുറ്റം സാധാരണക്കാരുടെ പുറത്ത് ചാരിയിരുന്നെങ്കിൽ പൊലീസുകാർ എപ്പഴേ പിടികൂടി ഇടിച്ച് ഇഞ്ചപരുവമാക്കി ഇപ്പോഴും അഴിയെണ്ണിയേനേ.
ക്രിമിനലുകളെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് വല്യ ഏമാൻമാർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടതും വലതുമായി മാറി മാറി പലരും ആഭ്യന്തരവകുപ്പ് ഭരിച്ചിട്ടും കേരളത്തിൽ ലോക്കപ്പ് മർദ്ദനവും കൊലയും ഒപ്പം ക്രിമിനൽ പൊലീസുകാരുടെ എണ്ണവും കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ബലാൽസംഗ കേസിലെ പ്രതി വി.ഐ.പിയാണെങ്കിൽ തങ്ങളുടെ കൺവെട്ടത്തുണ്ടെങ്കിലും മുൻകൂർ ജാമ്യം കിട്ടും വരെ പൊലീസ് പിടിക്കില്ല. കോടതിയിൽ നിന്ന് ജാമ്യം ഉറപ്പാക്കാൻ പ്രോസിക്യൂഷനും തോറ്റു കൊടുക്കും.
'മൊത്തം നിയമപാലകരും' ഒത്തുകളിച്ച് 'ആകെ മൊത്തം കോംപ്ലിമെന്റാ'ക്കുന്ന നാണം കെട്ട കളിക്ക് എന്നെങ്കിലും അവസാനമുണ്ടാകുമോ അതോ നിയമദേവതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് സേനയിലെ ക്രിമിനലുകൾ നാളെയും മാന്യന്മാരായി വാഴുമോ എന്നാണ് മാങ്ങാകള്ളൻ പൊലീസിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംരക്ഷിച്ചതു കാണുമ്പോൾ നാട്ടുകാർക്ക് ചോദിക്കാനുള്ളത്.