കോട്ടയം: കൈക്കൂലി കേസിൽ സസ്‌പെൻഷനിൽ കഴിയുന്ന എം.ജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള അന്വേഷണ സമിതിയുടെ ശുപാർശ സിൻഡിക്കറ്റ് അംഗീകരിച്ചു. തുടർനടപടിക്ക് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി.
എം.ജിയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എൽസി മുൻപും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ പേയിലൂടേയും ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടും കൈക്കൂലിപ്പണം വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസും കണ്ടെത്തിയിരുന്നു. മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും വേഗത്തിൽ കൈമാറുന്നതിനായി തിരുവല്ലാ സ്വദേശിനിയായ വിദ്യാർത്ഥിനിയിൽ നിന്ന് പലതവണയായി ഒരു ലക്ഷം രൂപയിലധികം കൈപ്പറ്റിയെന്നാണ് എൽസിക്കെതിരായ കേസ്. സർവകലാശാലയിൽ വെച്ച് തന്നെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29 നാണ് എൽസിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കേസിൽ വിജിലൻസിന്റെ റിപ്പോർട്ട് രണ്ട് മാസത്തിന് ശേഷം സമർപ്പിക്കും.