വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
പാലാ: സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് ട്രെയ്‌നിംഗിന് പോയി മടങ്ങിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ എസ്.റ്റി അനുവദിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് സ്വകാര്യബസിൽ നിന്നും പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും കിടങ്ങൂർ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം പെൺകുട്ടികളുടെ മാതാപിതാക്കൾ കിടങ്ങൂർ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ ഒരു ഗ്രേഡ് എസ്.ഐ ആരോപണ വിധേയരായ ബസ് ജീവനക്കാരെയുംകൂട്ടി സ്റ്റേഷനിൽ വരികയും ഇവർ ഒരിക്കലും കുട്ടികളോട് മോശമായി പെരുമാറില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തത് വിവാദമായിരിക്കുകയാണ്. മാത്രമല്ല ഇയാൾ തട്ടിക്കയറിയതായും രക്ഷകർത്താക്കൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് നടന്ന സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരോട് വിവരമൊന്ന് തിരക്കാൻപോലും പൊലീസ് തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കിടങ്ങൂർ എൻ.എസ്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇത് സംബന്ധിച്ച് കിടങ്ങൂർ പൊലീസിൽ പരാതി നൽകിയത്. എസ്.പി.സി പരിശീലനം കഴിഞ്ഞ് കിടങ്ങൂരിൽ നിന്നും പാലാ ഭാഗത്തേക്കുള്ള കിംഗ് ഓഫ് കിംഗ്‌സ് പുന്നക്കാടൻ എന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥികൾ കയറിയത്. എന്നാൽ ശനിയാഴ്ച ദിവസം ആയതിനാൽ എസ്.റ്റി കൊടുക്കില്ലെന്ന് പറഞ്ഞ് കണ്ടക്ടർ പെൺകുട്ടികൾ ഉൾപ്പെടെയുളള വിദ്യാർത്ഥികളോട് തട്ടിക്കയറുകയായിരുന്നു. കുട്ടികളുടെ കൈയിൽ ഫുൾടിക്കറ്റെടുക്കാൻ പണം ഉണ്ടായിരുന്നില്ല. പണമില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുമ്മണ്ണൂരിലെ ബസ് സ്റ്റോപ്പിൽ കുട്ടികളെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ ചെന്ന് കുട്ടികളെ കൂട്ടിക്കൊണ്ട് പോരുകയായിരുന്നു.
പൊലീസ് അനങ്ങിയില്ല!
സംഭവത്തിന് ശേഷം പലവട്ടം കിടങ്ങൂർ സ്റ്റേഷൻ മുന്നിലൂടെ ഈ ബസ്, സർവീസ് നടത്തിയെങ്കിലും പൊലീസ് അനങ്ങിയതേയില്ല.
അതേസമയം രണ്ട് കൂട്ടരെയും ഇന്ന് വിളിച്ചുവരുത്തി വിവരങ്ങൾ ആരായുമെന്ന് കിടങ്ങൂർ പൊലീസ് അറിയിച്ചു. ഇന്നലെ സി.ഐയും പ്രിൻസിപ്പൽ എസ്.ഐയും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തുടർനടപടികൾ സ്വീകരിക്കാത്തതെന്നും കിടങ്ങൂർ പൊലീസ് വ്യക്തമാക്കി.