തൃശൂരിന് രണ്ടാം സ്ഥാനം
കോട്ടയം : 23-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോട്ടയം സ്വർണ്ണക്കപ്പ് ചൂടി. 491 പോയിന്റുകളോടെയാണ് കോട്ടയം ഓവറാൾ ചാമ്പ്യന്മാരായത്. 469 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനവും 464 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. മാനസിക വെല്ലുവിളിയുള്ള വിദ്യാർത്ഥികളുടെ മത്സരവിഭാഗത്തിൽ 71 പോയിന്റുകളോടെ തൃശ്ശൂർ ഒന്നാമതെത്തി. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 260 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ആ വിഭാഗത്തിൽ മണക്കാല സി.എസ്.ഐ പാർഷ്യലി ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ 100 പോയിന്റുകൾ നേടി ഒന്നാമതെത്തി. കാഴ്ച പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 238 പോയിന്റുകളോടെ കോട്ടയം ഒന്നാം സ്ഥാനം നേടി. ഒളശ്ശ ഗവ.അന്ധവിദ്യാലയം 96 പോയിന്റുമായി ആ വിഭാഗത്തിൽ ഒന്നാമതെത്തി. സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വിശിഷ്ടാതിഥിയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, അഡീഷണൽ ഡയറക്ടർ ഷൈൻമോൻ എം.കെ, കൗൺസിലർമാരായ കെ.ശങ്കരൻ, സാബു മാത്യു, ഫാ. അനീഷ് എം. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.