നിങ്ങളുടെ സന്തോഷ, ദുഃഖ അവസരങ്ങളിൽ മരിയസദനേയും സന്തോഷിനെയും ഓർമ്മിക്കുക. ഒരു നേരത്തെ ഭക്ഷണമായെങ്കിലും കഴിയുന്ന സഹായം ഇവിടെ ഓരോ അന്തേവാസിയും പ്രതീക്ഷിക്കുന്നുണ്ട്.

മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പം സന്തോഷ്
പാലായിലെ നല്ല ശമരിയാക്കാരൻ മരിയസദൻ സന്തോഷിന്റെ ജീവിത സുവിശേഷത്തിന് കാൽ നൂറ്റാണ്ട്. 24 വർഷം മുമ്പ് പാല ടൗണിൽ അലഞ്ഞുതിരിഞ്ഞു നടന്ന തോമസ് ചേട്ടനെ തന്റെ രണ്ടു മുറി മാത്രമുള്ള കൊച്ചു വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി, കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണവും നൽകി സന്തോഷ് ജോസഫ്. അതിനും രണ്ടു വർഷം മുമ്പേ തന്നെ സന്തോഷ് പാവങ്ങളെ പറ്റുന്നതു പോലെ സഹായിച്ചു തുടങ്ങിയിരുന്നു. മാനസിക നില തെറ്റിയവരെയും അനാഥരെയും സംരക്ഷിക്കാനായി തുടങ്ങിയ പാലാ കാനാട്ടുപാറയിലെ 'മരിയസദൻ" എന്ന കരുണാലയം ഇതിനോടകം ചേർത്തു പിടിച്ചത് രണ്ടായിരത്തി തൊള്ളായിരത്തോളം ജീവിതങ്ങളെയാണ്. തിരുവചനം കാട്ടിയ വഴിയെക്കുറിച്ച് സന്തോഷ് പറയുന്നു. ''ജോലിയും ബിസിനസും പച്ച പിടിക്കാതെ തകർന്നിരിക്കുന്ന സമയം; വയസ്സ് 28. അക്കാലത്ത് വിവിധ ധ്യാനങ്ങൾ കൂടുമായിരുന്നെങ്കിലും യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടെ ഞാനും ഭാര്യയും കുട്ടികളും കൂടി ഒരു തപസ്സ് ധ്യാനത്തിൽ പങ്കെടുക്കാൻ പോയി. അപ്പോൾ കേട്ട വചനമാണ് ജീവിതത്തെ മാറ്റി മറിച്ചത്. ആ വചന ഭാഗത്തിൽ ഇപ്രകാരം പറയുന്നു: 'വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത് ?"ആത്യന്തികമായി നമ്മുടെ ജീവിതത്തിന്റെ വില കർത്താവ് നിർണയിക്കുന്നത് എങ്ങനെയെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ 25-ാം അദ്ധ്യായത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. പാവപ്പെട്ടവന് കൊടുത്താൽ കർത്താവിന് കൊടുത്തതായിട്ടാണ് അവിടന്ന് പരിഗണിക്കുന്നത്. അങ്ങനെ കൊടുക്കാതിരുന്നാൽ കർത്താവിനെ അവഗണിച്ചതായി കണക്കാക്കാനും അവിടന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട് "സന്തോഷ് പറഞ്ഞു.
പാലാ മരിയ സദനമെന്നാൽ
സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അലഞ്ഞുതിരിയുന്ന മാനസിക രോഗികളെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ പുനരധിവസിപ്പിക്കുന്ന മാതൃകാ സംരംഭമാണിന്ന് പാലാ മരിയസദനം മാനസികാരോഗ്യകേന്ദ്രം. പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഒരു കുടുംബ പശ്ചാത്തലത്തിൽ രോഗികൾക്കാവശ്യമായ മുഴുവൻസമയ പരിചരണവും ചികിത്സയും പുനരധിവാസവും ഇവിടെ നടപ്പിലാക്കുന്നു. ആധുനിക ജീവിത സാഹചര്യങ്ങളിൽ മാനസികാരോഗ്യം നഷ്ടപ്പെട്ട് രോഗികളായിത്തീരുന്നവരുടെ എണ്ണം ഭീതിജനകമാംവിധം വർദ്ധിക്കുകയാണ്. മാനസികാരോഗ്യ രംഗത്തെ ചികിത്സാ സൗകര്യങ്ങളാകട്ടെ വളരെ പരിമിതവുമാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല ഈ രംഗത്തെ ചികിത്സാപുനരധിവാസ ചെലവുകൾ.
ആതുരസേവന രംഗത്ത് വേറിട്ട സേവനങ്ങൾ കാഴ്ചവയ്ക്കുന്ന മരിയസദനവും അതിന്റെ സാരഥികളും ഇന്ന് സ്വന്തം കുടുംബപശ്ചാത്തലത്തിൽ തന്നെ നാനൂറോളം മാനസിക രോഗികൾക്കും ഇരുപതിലധികം അനാഥരായ മനോരോഗികളുടെ കുഞ്ഞുങ്ങൾക്കും പരിചരണം നല്കുന്നു. രോഗശമനം നേടിയ 2800ലേറെ ആളുകളെ അവരുടെ വീട് കണ്ടെത്തി തിരിച്ചെത്തിക്കുകയോ പുനരധിവസിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞ 23 വർഷക്കാലം കൊണ്ട് മരിയസാസദനത്തിനു സാധിച്ചു.

മരിയംസദൻ സന്തോഷ്
പാചകം മുതൽ പാട്ട് വരെ
ഇന്ന് മരിയസദനിൽ നാനൂറ്റമ്പതോളം അന്തേവാസികളുണ്ട്. അവരിൽ എഴുപതുപേരോളം ഇവിടെ വിവിധ ജോലികൾ ചെയ്തുവരുന്നു. ഇവർ തനിയെ മെഴുകുതിരി നിർമിക്കുന്നു, അത് പള്ളികളിൽ വിൽപന നടത്തുന്നു. മനോഹരമായി വസ്ത്രങ്ങൾ തുന്നുന്നു; അത് വിൽക്കുന്നു, പരിസര ശുചീകരണത്തിൽ ഏർപ്പെടുന്നു. ചിലർ വിറകുശേഖരിക്കും, മറ്റു ചിലർ മുറി വൃത്തിയാക്കും.നന്നായി മുടി വെട്ടുന്ന രണ്ടു പേർക്ക് വേണ്ടി ഇവിടെ ചെറിയ ഒരു ബാർബർ ഷോപ്പ് തന്നെ ഇട്ടു കൊടുക്കാൻ സാധിച്ചു. ബുദ്ധിമാന്ദ്യമുള്ള ആളുകൾ കരകൗശല നിർമാണത്തിൽ ഏർപ്പെടുന്നു. ഇതിനിടയിൽ കലാസമിതിയുടെ ഗാനമേളയിൽ പാടുകയും നാടകത്തിൽ അഭിനയിക്കുകയുംചെയ്യും. അങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടുകഴിയമ്പോൾ ഇവർ വലിയ സന്തോഷം അനുഭവിച്ചു വരുന്നു; ആയതിനാൽ ഇവിടെ ഇവർ ഇവരുടെ കുറവുകൾ തന്നെ മറക്കുന്നു. പന്ത്രണ്ട് തവണ ആത്മഹത്യാ ശ്രമം നടത്തി ഇവിടെ എത്തിയ റോസി എന്ന സ്ത്രീയാണ് ഇന്ന് ആഹാരം പാകം ചെയ്യുന്ന അഞ്ച് പേരിൽ ഒരാൾ. അവൾ നന്നായി പാട്ടു പാടും.
എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി
എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി ഭാര്യ മിനിയും മക്കളായ സാന്ദ്ര, അലീന, ഏയ്ഞ്ചൽ, അലോന, സന എന്നിവരുമുണ്ട്. നിങ്ങളുടെ സന്തോഷ, ദുഃഖ അവസരങ്ങളിൽ മരിയസദനേയും സന്തോഷിനെയും ഓർമ്മിക്കുക. ഒരു നേരത്തെ ഭക്ഷണമായെങ്കിലും കഴിയുന്ന സഹായം ഇവിടെ ഓരോ അന്തേവാസിയും പ്രതീക്ഷിക്കുന്നുണ്ട്.
ഒരു ദിവസം വേണം 80,000
മരിയസദനത്തിൽ ഇപ്പോൾ 450 ഓളം അന്തേവാസികളാണ് ഉള്ളത്. ഇവർക്ക് ഭക്ഷണത്തിനും മരുന്നിനും ചികിത്സയ്ക്കും വസ്ത്രത്തിനുമൊക്കെയായി ഒരു ദിവസം എൺപതിനായിരം രൂപയോളം ചെലവുണ്ട്. അതായത് ഒരാൾക്ക് കുറഞ്ഞത് മരുന്നിനും ചികിത്സക്കുമായി 200 രൂപയോളം ചെലവു വരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് പ്രതിദിനം 1000 മുതൽ 2000 രൂപ വരെയാണ് എന്നത് മനസ്സിലാക്കമ്പോഴാണ് മരിയസദനം പോലുള്ള ക്ഷേമസ്ഥാപനങ്ങളുടെ പ്രസക്തി നാം തിരിച്ചറിയുന്നത്. അനേകായിരം സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് മരിയസദനം മുന്നോട്ട് പോകുന്നത്. ഓരോ ദിവസവും തള്ളിനീക്കമ്പോൾ സന്തോഷ് തമ്പുരാന് നന്ദി പറയും. പിറ്റേന്ന് ചോറുവയ്ക്കാൻ ഒരു കിലോ അരി പോലുമില്ലെങ്കിലും സന്തോഷിന് കൂസലില്ല. സമയത്ത് ദൈവം ഏതെങ്കിലും കാരുണ്യമതികളുടെ രൂപത്തിൽ മരിയസദന്റെ പടികയറി വരുമെന്ന് ഈ 54 കാരനറിയാം.

മരിയ സദൻ സന്തോഷ് അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നു
കരുണ നിറഞ്ഞ മനസ്സേ,
മരിയസദനെ കൈവിടല്ലേ
കാരുണ്യമതികളുടെ കനിവിൽ മാത്രമാണ് ഇവിടുത്തെ പാവങ്ങളായ അന്തേവാസികൾ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണവും വസ്ത്രവും സോപ്പും പേസ്റ്റും മുതൽ എല്ലാ ആവശ്യങ്ങൾക്കും കരുണ നിറഞ്ഞ മനസ്സുകൾ ഇവിടെ സഹായവുമായി ഓടിയെത്താറുണ്ട്.ഒരു നേരത്തെ ആഹാരം മുടങ്ങിയാൽ പോലും ആ വിശപ്പ് നമുക്ക് സഹിക്കാനാകില്ല. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതുതന്നെ എത്രയോ വലിയ പുണ്യം. മരിയസദന്റെ പൂമുഖത്ത് ഒരു വാചകംഎഴുതി വച്ചിട്ടുണ്ട്. ''ദൈവമാണ് ഇവിടെ കാക്കുന്നതും ഇതിന് സഹായമെത്തിക്കുന്നതും"" അങ്ങനെ മരിയസദനിൽ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാൻ നമ്മളെ തോന്നിപ്പിക്കുന്നത് ദൈവം തന്നെയാണ് എന്നത് ഉറപ്പാണ്. അതിന് ഇത്ര തുക വേണമെന്ന് നിർബന്ധമില്ല. നമുക്ക് കഴിവുള്ള രീതിയിൽ ഒക്കെ മരിയസദനെ സഹായിക്കാം. തീർച്ചയായും നിങ്ങൾ ഇപ്പോൾതന്നെ മരിയസദൻ സന്തോഷിനെ ഒന്ന് വിളിക്കണം, പറ്റുമെങ്കിൽ നേരിട്ട് കാണണം. മരിയസദൻ സന്തോഷിന്റെ ഫോൺ നമ്പർ 9961404568, 9447025767.
''വീട്ടിലേക്ക് മടക്കം""... മരിയസദന്റെ മക്കൾക്ക്
ഇന്ന് ഏഴ് വീടുകളായി; ഇനിയും വേണം
മാനസിക വെല്ലുവിളി നേരിടുന്നവരാണ് മരിയസദനിൽ ഇന്നുള്ള ഭൂരിപക്ഷം പേരും. ഇതിൽ സ്ത്രീകളും കുട്ടികളും ഒക്കെ ഉൾപ്പെടും. എന്നാൽ മരിയസദൻ സന്തോഷിന്റെയും ഭാര്യ മിനിയുടെയും മറ്റുജീവനക്കാരുടെയും നിരന്തരമായ സ്നേഹപരിചരണങ്ങൾകൊണ്ട് ഇവരിൽ മിക്കവരും ഇന്ന് സാധാരണനിലയിലാണ്. ഇങ്ങനെ രോഗം ഭേദമായവരെ വിവിധ പഞ്ചായത്തുകളിലായി വീടുകൾ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതിയ്ക്ക് മരിയസദൻ തുടക്കമിട്ടു കഴിഞ്ഞു. ''വീണ്ടും വീട്ടിലേക്ക് "" എന്ന പേരിട്ട ഈ പദ്ധതിയുടെ ആദ്യഘട്ടം കടനാട്, മീനച്ചിൽ, തിടനാട് പഞ്ചായത്തുകളിലാണ് ആരംഭിച്ചത്. കടനാട് പഞ്ചായത്തിലെ കൊല്ലപ്പിള്ളിയിൽ ''ആന്തൂറിയം""എന്നു പേരിട്ട വീണ്ടും വീട്ടിലേക്ക് പദ്ധതി തുടങ്ങി. മീനച്ചിൽ പഞ്ചായത്തിൽ ''ഓർക്കിഡ്"" എന്ന പേരിലും ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞു തിടനാട് പഞ്ചായത്തിൽ ഡെക്കോമയും തുറന്നു കഴിഞ്ഞു.''മാനസിക രോഗത്തെ തുടർന്ന് വർഷങ്ങളായി മരിയസദനിൽ കഴിയുന്ന നിലവിൽ രോഗം ഭേദമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് വീണ്ടും വീട്ടിലേക്ക് (ഹോം എഗൈൻ) എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്'' മരിയസദൻ ഡയറക്ടർ സന്തോഷ് ജോസഫ് ""കേരള കൗമുദിയോട് പറഞ്ഞു. ''കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അനാഥരെയും മാനസിക രോഗം ഭേദമായവരെയും പാർപ്പിക്കാൻ നിസാരമായി സൗകര്യങ്ങൾ ഏർപ്പെടുത്താം. ഒരു മന്ദിരം കണ്ടെത്തി തന്നാൽ പഞ്ചായത്തുകളുടെ സഹകരണം കൂടി ഉണ്ടെങ്കിൽ നോക്കിനടത്താൻ തീർച്ചയായും മരിയസദൻ ഒപ്പമുണ്ടാകും"" മരിയസദൻ സന്തോഷ് പറയുന്നു.
മരിയസദന്റെ
ബാങ്ക് അക്കൗണ്ട്
നമ്പരുകൾ
ഇൻഡ്യൻ ബാങ്ക് പാലാ ബ്രാഞ്ച് നം.
542812154, IFSC: IDIB000P066
എസ്.ബി.ഐ. പാലാ ബ്രാഞ്ച് നം.
57028247286, IFSC: SBIN0070120
എച്ച്.ഡി.എഫ്.സി. ബാങ്ക് പാലാ ബ്രാഞ്ച് നം.
50100013817469, IFSC: HDFC0001497
ഐ.സി.ഐ.സി. ബാങ്ക് പാലാ ബ്രാഞ്ച് നം.
94105000325, IFSC: ICICI0000941
സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ ബ്രാഞ്ച് നം.
62053000067298, IFSC: SIBL0000062
ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് നം.
10970200012054, IFSC: FDRL0001097
സൗത്ത് ഇന്ത്യൻ ബാങ്ക് പാലാ ബ്രാഞ്ച് നം.
62053000066331, IFSC: SIBL0000062