kalathilkd-

കോട്ടയം. കൊടൂരാർ, വെള്ളം നിറഞ്ഞ് പരന്നുകിടക്കുന്ന പാടശേഖരങ്ങൾ, മദ്ധ്യഭാഗത്തുകൂടെ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന വോക്ക് വേ. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിച്ച് കളത്തിൽക്കടവ്. പനച്ചിക്കാട് പഞ്ചായത്തിലെ കഞ്ഞിക്കുഴി- കൊല്ലാട് റൂട്ടിലാണ് ഈ വിശ്രമകേന്ദ്രം . പ്രഭാത സായാഹ്ന സവാരിയ്ക്കായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

കൊടൂരാറിന് കുറുകെയുള്ള കളത്തിൽക്കടവ് പാലമാണ് മറ്റൊരു ആകർഷണം. പാലത്തിന് മുകളിൽ നിന്നാൽ പാടശേഖരങ്ങൾ, ചെറിയ തോട്, തോട്ടുവരമ്പ്, മോട്ടോർപ്പുര, തണൽ മരങ്ങൾ എന്നിവയും കാണാം. നഗരത്തിരക്കിൽ നിന്നും സഞ്ചാരികളെ മാടിവിളിയ്ക്കുന്നതും ഈ ഗ്രാമീണ ഭംഗിയാണ്. ചൂണ്ടയിടാനെത്തുന്നവരും ഏറെ. കൊടൂരാറിന്റെ ഇരുവശങ്ങളിലുമായി ഏത് സമയത്തും ഇവിടെ സഞ്ചാരികളെത്തുന്നു. വെയിൽ ചായുന്നതോടെ വലിയ തിരക്കാണിവിടെ.

ചുവന്ന ഇന്റർലോക്ക് കട്ടകൾ പാകിയ നടപ്പാതയിലൂടെയുള്ള സവാരി ആസ്വദിക്കാനും കുടുംബത്തോടൊപ്പം എത്തുന്നവരുണ്ട്. ഫോട്ടോ ഷൂട്ടുകാർക്കും ഇവിടം പ്രിയമാണ്. ജലവിഭവകുപ്പിന്റെ ചെറുകിട ജലസേചന വിഭാഗത്തിന്റെ കീഴിലാണ് കളത്തിൽക്കടവ് ഗസ്റ്റ് ഹൗസ് ലിങ്ക് റോഡ് നിർമ്മിച്ചത്. ലിങ്ക് റോഡാണ് വോക്ക് വേയായി ഉപയോഗിക്കുന്നത്. ആമ്പൽ വസന്തം ഇവിടെയും ഉണ്ടാകാറുണ്ട്. റോഡിന് അരികിലെ കുറ്റികളിൽ സഞ്ചാരികൾക്ക് ഇരിക്കാം. മുൻപ് ലോറി കയറി റോഡിന്റെ ഒരുവശം താഴ്ന്നതിനെ തുടർന്ന്, പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രവേശനകവാടത്തിൽ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്.