diwali

കോട്ടയം. മുഖ്യമായും ഉത്തരേന്ത്യൻ ആഘോഷമാണെങ്കിലും ദീപാവലി അടിപൊളിയാക്കാൻ കോട്ടയവും തയ്യാറെടുക്കുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷമുള്ള ദീപാവലി ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്. ദീപാവലി ഒാഫറുള്ളതിനാൽ ഗൃഹോപകരണ, ഇലക്ട്രോണിക്സ് വ്യാപാരമേഖലയിലും കച്ചവടം ഉഷാറാണ്. ബേക്കറികളിൽ സ്വീറ്റ് ബോക്സുകൾ നിരന്നുകഴിഞ്ഞു.

മഴയാണെങ്കിലും പടക്കം വാങ്ങാൻ ആളുകളെത്തുന്നുണ്ട്. കൂടുതൽ ​കളറാക്കാൻ ചൈനീസ് പടക്കങ്ങളും വിപണിയിലുണ്ട്. 20രൂപ മുതൽ 350 രൂപ വരെയാണ് പൂത്തിരിയുടെ വില. വലിപ്പമനുസരിച്ച് ചക്രത്തി​ന് 5 രൂപ മുതൽ 80 രൂപ വരെ നൽകണം. വിവിധ നിറങ്ങളിൽ വിരിയുന്ന പൂ പടക്കങ്ങൾക്ക് 30 മുതൽ 80 രൂപ വരെ വിലയുണ്ട്. വ്യത്യസ്തമായ പടക്കങ്ങൾ ഏറെയും ശിവകാശിയിൽ നിന്നാണ്. പറവൂർ, അങ്കമാലി, ചെറായി എന്നിവിടങ്ങളിൽ നിന്നും പടക്കമെത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിലകൂടുതലാണ് ഇത്തവണ. രാത്രി 8 മുൽ 10 വരെയേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. പൊട്ടാത്തവ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല.

വിപണിയിൽ ദീപാവലി മധുരം.

മധുരപലഹാരങ്ങളാണ് ദീപാവലിയുടെ മറ്റൊരു സവിശേഷത. ഉത്തരേന്ത്യൻ മധുരം വിപണി കീഴടക്കി. മിൽക്ക് പേട, മൈസൂർ പാക്ക്, ജിലേ​ബി, ലഡു, ബാദുഷ തുടങ്ങിയ മധുരങ്ങളോടൊപ്പം വിവിധതരം ബർഫികളും ചേരുന്നു. പൈനാപ്പിൾ, ഓറഞ്ച്, ബദാം, പിസ്ത, ചോക്ലേറ്റ്, കോക്കനട്ട് എന്നിങ്ങനെ നീളുന്നു ബർഫികൾ. ഇരുപതോളം മധുരങ്ങളടങ്ങിയ സ്വീറ്റ് ബോക്സിന് കിലോ 560 രൂപയാണ് വില. അരകിലോ 280 രൂപ. കാൽ കിലോ ബോക്സിന് 140 രൂപ. പാലും നെയ്യും പഞ്ചസാരയും കൂടുതലായി ഉപയോ​ഗിച്ച് തയ്യാറാക്കുന്ന ഉത്തരേന്ത്യൻ വിഭവങ്ങൾക്ക് വിലയും കൂടുതലാണ്.

പടക്ക വ്യാപാരി അബ്ദുൽ ഷുക്കൂർ പറയുന്നു.

ഇടയ്ക്കിടെ എത്തുന്ന മഴ കച്ചവടത്തെ ബാധിക്കുന്നുണ്ട്. വിലക്കയറ്റവും പ്രശ്നമാണ്.