btrfly-grdn

കോട്ടയം. ദിനംപ്രതി നൂറ് കണക്കിനാളുകൾ എത്തുന്ന കോട്ടയം കളക്ടറേറ്റ് അങ്കണത്തിലൊരു ശലഭോദ്യാനം. കാർപോർച്ചിനും കോടതിക്കും ഇടയിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് ശലഭങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാലയുടെ ഗവേഷണ സ്ഥാപനവും പരിസ്ഥിതി സന്നദ്ധസംഘടനയുമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസിന്റെ നേതൃത്വത്തിലാണ് ശലഭോദ്യാനം പിറവിയെടുത്തത്.

ടൈസിന്റെ ഡയറക്ടറായ ഡോ.പുന്നൻ കുര്യനാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. 2007ൽ ജില്ലാ കളക്ടറായിരുന്ന പി.വേണുഗോപാൽ അത് യാഥാർത്ഥ്യമാക്കി. വാഹനങ്ങളുടെ പുകയും പരിസര മലിനീകരണവും അധികമായുള്ള ഇവിടെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു തുടക്കം. എന്നാലത് വിജയമായി. സർക്കാർ ഫണ്ടില്ലാതെ, ടൈസിന്റെ നേതൃത്വത്തിലാണ് ചെടികൾ നട്ടു പിടിപ്പിച്ചത്.

ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ പേഴാളൻ, നാട്ടുകുടുക്ക, മഞ്ഞനീലി, കിലുക്കി, തകരമുത്തി, നീലക്കുടുക്ക, വനറാണി, വയങ്കതൻ, അരിപ്പൂച്ചെടി, നീലകൊങ്ങിണി, കാട്ടുചെത്തി, നക്ഷത്രമുല്ല, ശലഭച്ചെടി, രാജമല്ലി, സ്വർണ്ണമഴച്ചെടി, കമ്മൽച്ചെടി, കാറ്റംപാല, കൃഷ്ണ കിരീടം, കോളാമ്പി, കറിവേപ്പ്, നാരകം തുടങ്ങി മുപ്പതിലേറെ ഇനം ചെടികൾ ഇപ്പോൾ ഉദ്യാനത്തിലുണ്ട്. ഇവിടെയെത്തുന്ന ശലഭങ്ങളുടെ പേര് വിവരങ്ങളടങ്ങിയ ബോർഡുമുണ്ട്. ശലഭങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും സ്‌കൂളുകൾ അടക്കമുള്ളിടങ്ങളിൽ നിന്ന് നിരവധി പേർ സന്ദർശകരായുണ്ട്.

ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി വൃക്ഷങ്ങളെയും ജന്തുക്കളുടെയും ക്രമീകരിച്ച് നക്ഷത്രോദ്യാനം പാമ്പാടി ടൈസിൽ സജ്ജീകരിച്ചിട്ടുണ്ട്. ജന്മനക്ഷത്രങ്ങളുടെ പേരിൽ മരങ്ങൾ നട്ട് വളർത്തുന്നതിലൂടെ വൃക്ഷ സംസ്‌ക്കാരം പുനസ്ഥാപിക്കുക, കാർബൺ മലിനീകരണവും കാലാവസ്ഥാ മാറ്റവും തടയുക എന്നിവയാണ് ലക്ഷ്യം. ടൈസിന്റെ നേതൃത്വത്തിൽ കളമശേരി സയൻസ് പാർക്ക്, ആലുവ, മൂവാറ്റുപുഴ പാർക്ക്, ചാലക്കുടി മുനിസിപ്പാലിറ്റി, അപ്പോളോ ടയർ ക്യാമ്പസ്, സ്‌കൂളുകൾ, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 20 ഓളം ശലഭോദ്യാനം നിർമ്മിച്ചിട്ടുണ്ട്.

ചെടികൾ 30 ഇനം.

സ്ഥാപിച്ചത് . 2007ൽ

ശലഭങ്ങളിൽ ചിലത്

ഗരുഡ, കൃഷ്ണ, നാരക, ചോട്ടാ, അരളി, നീല കടുവ, വരയൻ കടുവ, ചോക്ലേറ്റ്, വയങ്കതൻ.

ഡോ.പുന്നൻ കുര്യൻ (ടൈസ്) പറയുന്നു.

"കോട്ടയം കളക്ടറേറ്റ് വളപ്പിലെ ശലഭോദ്യാനം മാത്രമാണ് ടൈസിന്റെ നേരിട്ടുള്ള പരിപാലനത്തിലുള്ളത്. തു‌ടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും പദ്ധതി വിജയമായി. ഇപ്പോൾ നൂറുകണക്കിന് ശലഭങ്ങൾ എത്തുന്നു. അതുകാണാൻ ആളുകളും".