പാലാ: ഗുരുപാദങ്ങളിൽ ദക്ഷിണ സമർപ്പിച്ച് സ്‌കന്ദഷഷ്ഠിപൂജയ്ക്ക് ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം ഒരുങ്ങി. കോട്ടയം ജില്ലയിലെ കിഴക്കൻമേഖലയിൽ ഷഷ്ഠിപൂജയ്ക്ക് ഏറ്റവു പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാൽ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ച ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം. ഓരോ വർഷത്തെയും ഷഷ്ഠിവൃത ആരംഭം കുറിക്കുന്നത് സ്‌കന്ദഷഷ്ഠിനാളിലാണ്. ഇത്തവണ ഇത് ഒക്‌ടോബർ 30 നാണ്. ഇടപ്പാടി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആരംഭത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഗുരുപാദങ്ങളിൽ വെറ്റിലയും അടയ്ക്കയും ഒരു നാണയവും ചേർത്ത് കാണിക്ക സമർപ്പിച്ച ശേഷമാണ് ഇവിടെ സ്‌കന്ദഷഷ്ഠിവ്രതം ആരംഭിക്കുന്നത്. ഗുരുദേവൻ ഇടപ്പാടിയിൽ എഴുന്നള്ളിയപ്പോൾ ഇരുന്ന കസേര ഇപ്പോഴും ഇടപ്പാടി ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കെടാവിളക്കിനെ സാക്ഷിയാക്കി സംരക്ഷിച്ചുപോരുകയാണ്. ഷഷ്ഠിവ്രതം ആരംഭിക്കുന്നവർ ഗുരുപാദ സങ്കല്പത്തിൽ ഈ കസേരയ്ക്ക് മുന്നിൽ ദക്ഷിണ സമർപ്പിക്കുന്നു. ഇതോടൊപ്പം നാലമ്പലത്തിന് പുറത്തുള്ള ഗുരുദേവ ക്ഷേത്രത്തിൽ എണ്ണവഴിപാടും നടത്തും. ഇങ്ങനെ മഹാഗുരുവിന് ദക്ഷണി സമർപ്പിച്ചുകൊണ്ടാണ് ഗുരുദേവൻ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യസ്വാമിക്ക് മുന്നിൽ ഭക്തർ ഷഷ്ഠിവ്രതം ആരംഭിക്കുന്നത്. ഷഷ്ഠിവ്രതം തുടങ്ങുന്നതിന് ഏറ്റവും നല്ല മുഹൂർത്തമാണ് സ്‌കന്ദഷഷ്ഠിദിനം എന്നാണ് സങ്കൽപ്പം. ഇടപ്പാടിയിൽ ഷഷ്ഠിയോട് അനുബന്ധിച്ച് നടത്തുന്ന കാര്യസിദ്ധിപൂജയും വളരെ പ്രധാനമാണ്. കാര്യസിദ്ധിപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ പ്രത്യേകമായി പൂജിച്ച വെറ്റിലയും നാരങ്ങയും വെള്ളിനാണയവും ഭക്തർക്ക് പ്രസാദമായി നൽകും. ഇത്തവണ ഭഗവത്പാദത്തിങ്കൽ കാണിക്കയർപ്പിച്ച് സ്‌കന്ദഷഷ്ഠിനാളിൽ വ്രതമാരംഭിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. ഷഷ്ഠിപൂജയ്ക്കും കാര്യസിദ്ധിപൂജയ്ക്കും മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
ഫോട്ടോ അടിക്കുറിപ്പ്
ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ ശ്രീനാരായണ ഗുരുദേവൻ വന്നിരുന്ന കസേര കെടാവിളക്കിന് മുന്നിൽ സൂക്ഷിച്ചിരിക്കുന്നു.