-prithy-sanju

മുണ്ടക്കയം ഈസ്റ്റ്: മദ്യം വാങ്ങിയ പണത്തിന്റെ വീതംവെപ്പിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മദ്ധ്യവയസ്കനെ കൊലപ്പെടുത്തിയയാൾ പിടിയിൽ. പാലൂർക്കാവ് ലക്ഷംവീട് കോളനിയിൽ കുന്നുംപുറത്ത് കുഞ്ഞുമോനെ (58) കൊലപ്പെടുത്തിയ സംഭവത്തിൽ കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെ (27) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം തിരുവോണ തലേന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇവർ പാലൂർക്കാവിൽ എത്തിയത്. മഴ മൂലം പണി തടസപ്പെട്ടതിനാൽ ഹിറ്റാച്ചി ഓപ്പറേറ്റർ ആയ സഞ്ജുവും കുഞ്ഞുമോനും ചേർന്ന് നിർമ്മാണത്തിലിരുന്ന വീടിന്റെ പരിസരത്ത് ഇരുന്ന് മദ്യപിച്ചു. തികയാതെ വന്നതോടെ വീടിന്റെ സമീപത്ത് കിടന്ന് ഇരുമ്പ് കമ്പികൾ അക്രിക്കടയിൽ വിറ്റുകിട്ടിയ പണം കൊണ്ട് വീണ്ടും മദ്യം വാങ്ങി. ഇതിനിടെ
കിട്ടിയ പണത്തെ ചൊല്ലി സഞ്ജുവും കുഞ്ഞുമോനും തമ്മിൽ തർക്കമായി. തർക്കം മൂത്ത് സഞ്ജു കുഞ്ഞുമോനെ മർദ്ദിക്കുകയും തോട്ടിലേയ്ക്ക് തള്ളിയിടുകയുമായിരുന്നു. സഞ്ജു തുടർന്ന് അന്യസംസ്ഥാനത്തേയ്ക്ക് കടന്നു. കുഞ്ഞുമോന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയതോടെ പെരുവന്താനം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണത്തിൽ കൊലപാതകമാണെന്ന് ബോദ്ധ്യപ്പെടുകയുമായിരുന്നു.

പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുവന്താനം എസ്. എച്ച്. ഒ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.