street-dog

 2 മാസത്തിനിടെ തുടങ്ങിയത് രണ്ടിടങ്ങളിൽ മാത്രം

കോട്ടയം: തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായി തുടരുമ്പോഴും രണ്ടുമാസത്തിനിടെ വന്ധ്യംകരണ പദ്ധതി പുതുക്കിയ മാനദണ്ഡപ്രകാരം പുനരാരംഭിച്ചത് കണ്ണൂർ,​ എറണാകുളം കോർപ്പറേഷൻ പരിധിയിൽ മാത്രം. സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മൃഗസ്നേഹികളുടെ പരാതിയിൽ കൊല്ലത്തെ പദ്ധതി നിറുത്തി. ഫണ്ട് ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ് മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ കാലതാമസത്തിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് കൂലിയും മരുന്നുമടക്കം 1500 രൂപ ചെലവാകും.നായ്ക്കളെ പാർപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താനും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങൾക്കും കഴിയുന്നില്ല.

കേന്ദ്ര അനിമൽ വെൽഫയർ ബോർഡിന്റെ മാനദണ്ഡ പ്രകാരം വന്ധ്യംകരണത്തിനുള്ള സൗകര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ രണ്ടുമാസം മുമ്പ് പുതുക്കിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. തെരുവുനായ്ക്കളെ പിടിച്ചുകൊണ്ടുവന്ന് പാർപ്പിക്കുന്നതിന് കുറഞ്ഞത് 20 സെന്റ് സ്ഥലവും ശസ്ത്രക്രിയയ്ക്ക് ആധുനിക സൗകര്യവും ഉൾപ്പെടെ വേണമെന്നാണ് മാർഗനിർദ്ദേശത്തിൽ. ഇത് പുറത്തിറക്കിയശേഷവും ഒന്നരലക്ഷത്തിലേറെ പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു.

വൈകാൻ കാരണം

 പദ്ധതി തയ്യാറാക്കി ഫണ്ട് ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ച

 സ്ഥലം കണ്ടെത്തി സൗകര്യമൊരുക്കുന്നതിൽ കാലതാമസം

 ടെൻഡർ,​ കരാർ തുടങ്ങിയ നടപടിക്രമങ്ങൾക്കുള്ള താമസം

 ഡോഗ് ക്യാച്ചേഴ്സിന്റെ കുറവ്,​ പരിശീലനം നൽകുന്നതിലും കാലതാമസം

വന്ധ്യംകരണത്തിന്

മാനദണ്ഡങ്ങൾ

ഷെൽട്ടറുകൾക്ക് കുറഞ്ഞത് 20 സെന്റ് സ്ഥലം

എ.സി ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ്

ഓപ്പറേഷൻ കെയർ യൂണിറ്റ്

50 കൂടുകൾ, സ്റ്റോർ, സി.സി ടിവി, അടുക്കള

ഒരു വെറ്ററിനറി സർജൻ, 4 പരിപാലകർ, ഒരു തിയേറ്റർ

സഹായി, ഒരു ശുചീകരണ തൊഴിലാളി

 ശസ്ത്രക്രിയയ്ക്കുശേഷം ആൺനായ്ക്കളെ നാലു ദിവസവും

പെൺനായ്ക്കളെ അഞ്ചു ദിവസവും പാർപ്പിക്കണം

'' ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പദ്ധതി വൈകിക്കുന്നത്. ജനങ്ങളോട് മറുപടി പറയേണ്ടത് ജനപ്രതിനിധികളാണ്.

-നിർമല ജിമ്മി,​ പ്രസിഡന്റ്,

കോട്ടയം ജില്ലാ പഞ്ചായത്ത്