
കോട്ടയം. വാടക നൽകി ഇനി പി.എസ്.സിക്ക് ഓൺലൈൻ പരീക്ഷകൾ നടത്തേണ്ട. പുതുതായി നിർമ്മിച്ച ജില്ലാ ഓഫീസിലെ ഓൺലൈൻ പരീക്ഷാ കേന്ദ്രം മൂന്ന് മാസത്തിനകം സജ്ജമാകും. 156 പേർക്ക് ഒരേസമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
ഇരിപ്പിടങ്ങളും കമ്പ്യൂട്ടറുകളും സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ മൂന്നു മാസത്തിനുള്ളിൽ സജ്ജമാകും. മുട്ടമ്പലത്ത് പുതുതായി നിർമിച്ച കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പരീക്ഷാ കേന്ദ്രം . പരീക്ഷ നിയന്ത്രിക്കാനുള്ള മുറിയും ഇവിടെയുണ്ട്. ജില്ലയിലെ എൻജിനിയറിംഗ് കോളേജുകൾക്ക് വാടക നൽകിയാണ് ഇപ്പോൾ ഓൺലൈൻ പരീക്ഷകൾ നടത്തുന്നത്.
1545.61 ചതുരശ്ര മീറ്റർ.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ജില്ലാ ഓഫീസ് മാത്രമാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക. അണ്ടർ സെക്രട്ടറിമാർക്കുള്ള ഓഫീസും മറ്റ് ഉദ്യോഗസ്ഥരുടെ ക്യാബിനും തയ്യാറായികഴിഞ്ഞു. മുട്ടമ്പലത്ത് നിലവിലെ ഓഫീസിന് പുറകിലായി 1545.61 ചതുരശ്ര മീറ്ററിൽ നാല് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ലിഫ്റ്റ്, എല്ലാ നിലകളിലും വാഷ്റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. നിലവിലെ ഓഫീസ് നിലനിറുത്തി പുതിയ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കും. സർക്കാർ ഏറ്റെടുത്ത സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് പുതിയ കെട്ടിടം നിർമ്മിച്ചത്. പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ സ്വന്തമായി ഓൺലൈൻ പരീക്ഷാ കേന്ദ്രമുള്ള ജില്ലകളുടെ കൂട്ടത്തിലേക്ക് കോട്ടയവും കടക്കും. 3.21 കോടി രൂപയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണചെലവ്. ഓഫ് ലൈൻ പരീക്ഷകൾ നടത്താനുള്ള ഒരുക്കങ്ങളും വൈകാതെ പൂർത്തിയാകും.
ജില്ലാ പി.എസ്.സി ഓഫീസർ മനോജ്കുമാർ പിള്ള പറയുന്നു.
"പുതിയ ഓഫീസിലേയ്ക്ക് മാറാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കമ്പ്യൂട്ടറുകളും ചെയറുകളും അടക്കം ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്."