
കോട്ടയം: വിദ്യാലയജീവിതത്തിന്റെ സുന്ദര സ്മരണയായി ശേഷിക്കേണ്ട പഠനയാത്രകൾയ്ക്ക് പണി കൊടുത്ത് അധികൃതർ. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി നിർദേശങ്ങൾ പലതും അപ്രായോഗികമാണ്. യാത്ര മുടക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്നു തോന്നിപ്പിക്കും വിധത്തിലാണ് പല നിർദേശങ്ങളുമെന്നാണ് പരക്കെയുള്ള വിമർശനം. പുലർച്ചെ 5 മുതൽ രാത്രി 10 വരെ മാത്രമേ പുതിയ സർക്കുലർ പ്രകാരം യാത്ര അനുവദിക്കൂ. ഇതുമൂലം ദൂര സ്ഥലങ്ങൾ സന്ദർശിക്കാനുള്ള യാത്രയ്ക്ക് കൂടുതൽ ദിവസം വേണ്ടി വരുന്നു. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും സ്‌കൂൾ അധികൃതർ പറയുന്നു. നിലവിൽ 3 ദിവസത്തെ യാത്രയ്ക്ക് മാത്രമാണ് അനുമതി. ആദ്യ ദിവസത്തെ പകൽ ലക്ഷ്യ സ്ഥാനത്തേയ്ക്കുള്ള യാത്ര, അവസാന ദിവസത്തെ പകൽ മടക്കയാത്ര. അങ്ങനെ നോക്കിയാൽ ഒരു ദിവസം മാത്രമാണ് ടൂറിസം സെന്ററുകളിൽ ചെലവഴിക്കാൻ കിട്ടുക. ദൂരയാത്രകളിൽ പലയിടത്ത് രാത്രി സ്റ്റേ വേണ്ടിവരും. സാധാരണ രാത്രികളിൽ യാത്രയും പകൽ സന്ദർശനവും എന്ന രീതിയിലാണ് പാക്കേജുകൾ ക്രമീകരിച്ചിരുന്നത്. താമസം അടക്കം കൂടുതൽ ചെലവും പുതിയ തീരുമാനം വരുത്തിവയ്ക്കും. സംസ്ഥാന അതിർത്തി കടന്നാൽ രാത്രി യാത്രയ്ക്ക് വിലക്കില്ല. എന്നാൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്നത് സ്‌കൂൾ അധികൃതർ മാത്രമാണ്.
ഏകദിന യാത്രകളാകുമോ ?.
സ്‌കൂൾ ജീവിതത്തിൽ വർഷത്തിലൊരിക്കൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ദീർഘദൂര യാത്രകൾക്ക് അവസരം. ഊട്ടി, വയനാട്, മൂന്നാർ, തേക്കടി, ആലപ്പുഴ, തിരുവനന്തപുരം മൈസൂർ തുടങ്ങി പരമാവധി 3 ദിവസം കൊണ്ട് കാഴ്ചകൾ കണ്ടു മടങ്ങാൻ കഴിഞ്ഞിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഇനി പ്രയാസമാകും.
പ്രതിസന്ധികൾ.
ടൂറിസം സ്പോട്ടുകൾ സന്ദർശിക്കാനുള്ള സമയക്കുറവ്.
രാത്രിയിൽ താമസ ക്രമീകരണത്തിന് പണച്ചെലവ്.
പകൽ സമയം യാത്രയ്ക്കായി നീക്കി വയ്ക്കേണ്ടി വരും.
പേര് വെളിപ്പെടുത്താത്ത അദ്ധ്യാപകൻ പറയുന്നു.
എന്തെങ്കിലും നിർഭാഗ്യകരമായ സംഭവങ്ങളുണ്ടായാലുടൻ മൊത്തത്തിൽ നിരോധനം ഏർപ്പെടുത്തുന്ന പതിവ് ബുദ്ധിശൂന്യതയാണ് ഇക്കാര്യത്തിലും അധികൃതർ സ്വീകരിച്ചത്. ആർക്കും ഇത്തരം അപ്രായോഗിക നിർദേശങ്ങൾ നൽകാനാവും. പ്രായോഗികമായി എങ്ങിനെ കാര്യങ്ങളെ സമീപിക്കാമെന്ന് അധികൃതർ ആലോചിക്കുന്നില്ല.