
പാലാ. ആറ് മാസത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുട്ടികളുടെ കേസുകൾ ഇരട്ടിയിലധികമായതായി പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരിവിമോചന കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.കെ.ശ്രീജിത്ത് വ്യക്തമാക്കുന്നു.
2021 ൽ പാലാ ലഹരിവിമോചന കേന്ദ്രത്തിൽ എത്തിയ 18 വയസിൽ താഴെയുള്ള കുട്ടികളുടെ മയക്കുമരുന്ന് കേസുകൾ കേവലം 20 എണ്ണം മാത്രമായിരുന്നെങ്കിൽ ആറ് മാസത്തിനിടെ ഇത് 40 ആയി . 18 നും 35 നും ഇടയിൽ പ്രായമുള്ളവരുടെ മയക്കുമരുന്നു കേസുകൾ 2021 ൽ 76 എണ്ണമായിരുന്നത് ഇപ്പോൾ 100 ആയി.
മയക്കമരുന്ന് ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണവും ഭീതിതമായ അളവിൽ വർദ്ധിച്ചുവരികയാണ്.
പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി സെന്ററിൽ മദ്യം, മയക്കുമരുന്ന്, സിഗരറ്റ്, പാൻമസാല, കഞ്ചാവ്, എ.ഡി.എം.എ. പോലുള്ളവ ഉപയോഗിക്കുന്നവർക്ക് വിദഗ്ധ ചികിത്സയുണ്ട്. കൗൺസലിംഗും നൽകി വരുന്നു. ചികിത്സ പൂർണ്ണമായും സൗജന്യമാണ്.
2018 ൽ തുടങ്ങിയ പാലാ ലഹരിവിമോചന കേന്ദ്രത്തിൽ നിന്ന് ഇതിനോടകം 6000ലധികം പേർ ചികിത്സ തേടി. 18 വയസിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയുളള കോട്ടയം ജില്ലയിലെ ഏക ലഹരിവിമോചന കേന്ദ്രമാണിത്. 20 കിടക്കകൾ ഉള്ള കേരളത്തിലെ അപൂർവം സർക്കാർ ലഹരിവിമോചന കേന്ദ്രങ്ങളിലൊന്നാണ് പാലായിലേത്. കുട്ടികളിലുള്ള അമിതമായ മൊബൈൽ അഡിക്ഷനും ഇവിടെ ചികിത്സയും കൗൺസിലിംഗും നല്കി വരുന്നുണ്ട്.
മാനസിക സമ്മർദ്ദം കുറയ്ക്കാനും ജിജ്ഞാസ കാരണവുമാണ് തങ്ങൾ മയക്കുമരുന്നിന് പിന്നാലെ പോകുന്നതെന്ന് ചികിത്സ തേടിയ കുട്ടികളിൽ ഭൂരിപക്ഷം പേരും പറയുന്നതായി ഡോ. ശ്രീജിത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 6238600251 ഫോൺ നമ്പരിൽ ബന്ധപ്പെടണം.
ലഹരിക്കടിമയായ കുട്ടികളെ തിരിച്ചറിയാം.
അനാവശ്യമായി പണം ആവശ്യപ്പെടും.
പണത്തിനായി വീട്ടുസാധനങ്ങൾ മോഷ്ടിക്കും.
സ്ഥിരമായി പ്രശ്‌നങ്ങളിൽ അകപ്പെടും.
ഭയമോ ഉത്കണ്ഠയോ ഉള്ളതായി തോന്നും.
കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടും.