കുമരകം: വിദ്യാർത്ഥികൾക്കായുള്ള ടൂർ ഫെഡിന്റെ സൗജന്യ കപ്പൽ യാത്രയ്ക്ക് കുമരകത്ത് നിന്നും തുടക്കമായി. സാധാരണക്കാർക്ക് കടൽ യാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർ ഫെഡിന്റെ അറേബ്യൻ സീ പാക്കേജ് പദ്ധതി പ്രകാരമാണ് വിനോദയാത്ര ഒരുക്കിയത്. സഹകരണ വകുപ്പ് സംഘടിപ്പിച്ചിരിയ്ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമരകം നടന്നു. മാസം 50 കുട്ടികളെ ഒരു ദിനം കപ്പലിൽ കയറ്റി യാത്രാനുഭവം പകരാനാണ് തീരുമാനം. ദീപാവലി ദിനത്തിൽ ആരംഭിച്ച യാത്രയിൽ കുമരകം ഗവ: ഹൈസ്കൂൾ, പാണ്ടൻ ബസാർ യു.പി.സ്കൂൾ, എ.ബി.എം യു.പി സ്കൂൾ എന്നിവിടങ്ങളിലെ അഞ്ചു ഇതൽ 10 വരെയുള്ള ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്കും രണ്ട് അദ്ധ്യാപകർക്കുമാണ് അവസരം ലഭിച്ചത്. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകൾക്ക് വേണ്ടിയുള്ള സൗജന്യയാത്രാ പദ്ധതിയും ടൂർ ഫെഡ് ഒരുക്കുന്നുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, പഞ്ചയത്ത് വൈസ് പ്രസിഡന്റ് വി. കെ.ജോഷി, 2298 സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി.തോമസ്, 315 സഹകരണ ബാങ്ക് പ്രസിഡന്റ് കെ. കേശവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.