sky-awlak

കോട്ടയം. വിവാദത്തിൽ കുടുങ്ങി വർഷമേറെയായിട്ടും നോക്കുകുത്തിയായി നിൽക്കുന്ന കോട്ടയത്തെ ആകാശപാത നിലനിറുത്തണോ പൊളിച്ചു കളയണോ എന്നതിൽ വിധി നാളെയുണ്ടായേക്കും. ഏഴു തൂണുകൾ തുരുമ്പിച്ച് വീഴാറായെന്നും ജനങ്ങളുടെ സുരക്ഷയെ കരുതി പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ട് എ.കെ.ശ്രീകുമാർ നൽകിയ ഹർജിയിൽ "ആർക്കും പ്രയോജനമില്ലെങ്കിൽ പൊളിച്ചു കളഞ്ഞു കൂടേയെന്ന് ഹൈക്കോടതി വിചാരണക്കിടയിൽ ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് നാളെ കോടതി വീണ്ടും പരിഗണിക്കുകയാണ്.

കോട്ടയം നഗരത്തിൽ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ആളുകൾക്ക് റോഡിനു കുറുകെ കടക്കാൻ ഇതേക്കാൾ മികച്ച പദ്ധതിയില്ലാത്തതിനാൽ ആകാശപാത സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടത്. പരാതിക്കാരനായ ശ്രീകുമാറിനോട് പൊളിച്ചുകളയണമെന്ന് നിർബന്ധമുണ്ടോ എന്ന് വിചാരണക്കിടയിൽ കോടതി ആരാഞ്ഞിരുന്നു. സമയബന്ധിതമായി പുനർനിർമിക്കാൻ കഴിയുന്നില്ലെങ്കിൽ പൊളിച്ചുകളയണമെന്നായിരുന്നു മറുപടി. ഇതിനകം രണ്ട് കോടിയോളം രൂപ ചെലവഴിച്ച സാഹചര്യത്തിൽ പണി പൂർത്തിയാക്കാൻ കഴിയുമോ എന്നറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ മറുപടി കൂടി കണക്കിലെടുത്താകും നാളത്തെ കോടതി വിധി. സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതി നിർദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റെയർകേസിന് സ്ഥലമില്ല!.

ഏഴുവർഷം മുമ്പ് നിർമിച്ച ആകാശപാതയുടെ പണി പൂർത്തീകരിക്കാത്തതിന് കാരണം തേടി റോഡ് സേഫ്റ്റി അതോറിറ്റിക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കിയപ്പോൾ സ്റ്റെയർകേസിന് സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിറുത്തി വച്ചിരിക്കുന്നതെന്നായിരുന്നു മറുപടി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.

5.75 കോടി ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാൻ 2016 ലാണ് സർക്കാർ അനുമതി നൽകിയത് . ആകാശപാതയിലേക്ക് കയറുന്നതിനുള്ള പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമാക്കി. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് രണ്ട് കോടി സർക്കാർ ഫണ്ട് ഇതിനകം ചെലവഴിച്ചു. ഇനി പൊളിച്ചുകളയണമെന്ന് പറയുന്നത് ഭ്രാന്തൻ പ്രവൃത്തിയാണ്. പണി ഇനിയും ഇട്ടുതല്ലാതെ പൂർത്തീകരിക്കാനുള്ള നടപടിയാണ് വേണ്ടത്. സർക്കാരിനു പണമില്ലെങ്കിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കാമെന്ന നിർദ്ദേശം വെച്ചിട്ടും അനുകൂല മറുപടി ഉണ്ടായില്ല. നഗരവികസന പദ്ധതിയായ ആകാശപാത പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഫണ്ട് അനുവദിക്കാതെയും മറ്റു തടസവാദങ്ങൾ ഉന്നയിച്ചും പണി തടസപ്പെടുത്തുന്ന സർക്കാർ നിലപാടാണ് പൂർത്തീകരണം ഇത്രയും വൈകിപ്പിച്ചത് . കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു.