കോട്ടയം: തിയേറ്റർ റോഡിലേയ്ക്കാണെങ്കിൽ, കൈയിൽ മാസ്‌കോ, ടവ്വലോ കരുതണം. മൂക്ക് പൊത്താതെ റോഡിലൂടെ സഞ്ചരിക്കാൻ കഴിയില്ല. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പഴയ ടോയ്‌ലെറ്റ് കെട്ടിടത്തിൽ നിന്നുള്ള മലിനജലവും സെപ്റ്റിങ്ക് ടാങ്കിലെ മാലിന്യവും ഉൾപ്പെടെ തിയേറ്റർ റോഡിലേയ്ക്കാണ് ഒഴുകുന്നത്. ദിവസങ്ങൾക്ക് മുൻപാണ് പുതിയ ബസ് ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ദിനംപ്രതി നൂറ് കണക്കിന് ആളുകൾ എത്തുന്ന സിനിമാകൊട്ടകൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻവശത്തേയ്ക്കാണ് മലിനജലം ഒഴുകുന്നത്. മാർക്കറ്റ് റോഡ്, കളക്‌ട്രേറ്റ്, കോടിമത എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി നിരവധി കാൽനടയാത്രക്കാരും തിയേറ്റർ റോഡിനെയാണ് ആശ്രയിക്കുന്നത്. ദുർഗന്ധം മൂലം മൂക്കുപൊത്തി ഓടേണ്ട സ്ഥിതിയിലാണ് യാത്രക്കാർ.

വൃത്തി ഏഴയിലത്തില്ല!

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ടോയ്‌ലെറ്റും കെട്ടിടവും വൃത്തിഹീനമായാണ് സ്ഥിതി ചെയ്യുന്നത്. സാമൂഹ്യവിരുദ്ധർ മലമൂത്രവിസർജനം നടത്തുന്നതും തിയേറ്റർ റോഡിലാണ്. മുമ്പും ടോയ്‌ലെറ്റിന്റെ സ്ഥിതി ശോച്യാവസ്ഥയിലായിരുന്നു. ടോയ്‌ലെറ്റ് കെട്ടിടത്തിന്റെ പിൻവശത്ത് മലിനജലവും അഴുക്കുകളും കെട്ടിക്കിടക്കുന്ന നിലയിലാണ്. ദുർഗന്ധം വമിക്കാതിരിക്കുന്നതിനായി ജീവനക്കാർ ഇവിടെ ബ്ലീച്ചിംഗ് പൗഡർ വിതറിയ നിലയിലാണ്. പുതിയ ടെർമിനൽ നിർമ്മിച്ചെങ്കിലും ടോയ്‌ലെറ്റ് പുനർനിർമ്മിക്കാൻ അധികൃതർ തയാറായ്യില്ല.