കോട്ടയം ആലപ്പുഴ റൂട്ടിൽ ബോട്ട് യാത്ര പ്രതിസന്ധിയിൽ
കോട്ടയം: ചുങ്കം മുപ്പതിൽ പാലം പണിമുടക്കിയതോടെ കോട്ടയം ആലപ്പുഴ റൂട്ടിൽ ജലഗതാഗതം പ്രതിസന്ധിയിൽ.
മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാലം ഉയർത്താൻ സാധിക്കാതെ വന്നതാണ് ബോട്ട് യാത്രയ്ക്ക് തടസമായത്. ഇരുമ്പ് പാലത്തിന്റെ മോട്ടോർ സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഫൗണ്ടേഷൻ ഇളകിപ്പോയതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു. തുരുമ്പെടുത്തും കാലപ്പഴക്കം ചെന്നതുമായ പാലം ശോച്യാവസ്ഥയിലായിരുന്നു. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ തകരാറിലായതോടെ ഏഴ് മാസം മുൻപും ബോട്ട് യാത്ര തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെ കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് എത്തിയപ്പോഴാണ് ആദ്യം പാലം ഉയർത്താൻ സാധിക്കാതെ വന്നത്. ജീവനക്കാരന്റെ പരിശ്രമത്തിലൂടെ ബോട്ട് കടത്തിവിട്ടു. 11.30 ഓടെ കോട്ടയം ആലപ്പുഴ ബോട്ടുകൾ ഇരുവശത്തുനിന്നും എത്തിയപ്പോഴേയ്ക്കും പാലം ഉയർത്താൻ സാധിക്കാതെ വന്നു. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ഇരുബോട്ടുകളിലുമുണ്ടായിരുന്നു. യാത്രയ്ക്ക് തടസം നേരിട്ടതോടെ യാത്രക്കാർ ബോട്ട് പരസ്പരം മാറികയറി. ആറിന് വീതി കുറവായതിനാൽ, പിന്നോട്ട് പോയി ബോട്ട് തിരിച്ചെടുത്തശേഷമാണ് യാത്ര തുടർന്നത്.
ആകെ നശിച്ചു...
നഗരസഭയുടെ 45ാം വാർഡിൽ വേളൂർ പുത്തനാറിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. കോട്ടയം ആലപ്പുഴ ബോട്ട് സർവീസ് നടത്തുന്നത് പുത്തനാറിലൂടെയാണ്. പാലത്തിന് സമീപത്തായി കയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് പാലങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. 12 വർഷം മുൻപ് 45 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചത്. പാലം ഉയർത്തുന്ന ഏഴ് കപ്പികളിൽ മൂന്നെണ്ണമാണ് പ്രവർത്തിക്കുന്നത്. ബുഷ്, ചെയിൻ, ബെയറിംഗ്, റോപ്പ്, റോളുകൾ തുടങ്ങിയവ നശിച്ച നിലയിലാണ്. ബെയറിംഗ്, റോപ്പ് എന്നിവയ്ക്ക് തേയ്മാനം സംഭവിച്ചു. സിമന്റ് ഫാക്ടറിയിലൂടെയാണ് നിലവിൽ ബോട്ട് കടന്നുപോകുന്നത്. പാലം ഉയർത്താനുള്ള അടിയന്തര നടിപടികൾ സ്വീകരിക്കുകയോ കയർ ഉപയോഗിച്ച് പാലം ഉയർത്താവുന്ന നിലയിലോ മാറ്റിയാൽ മാത്രമേ യാത്രാതടസം പരിഹരിക്കാനാവൂയെന്ന് ജീവനക്കാരനായ ശാന്തപ്പൻ പറഞ്ഞു.