pinapple1

കോട്ടയം. മഴ കനത്തതോടെ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 22 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നത്. മുൻപ് 45 രൂപ വരെ ലഭിച്ചിരുന്നു. ശൈത്യകാലം തുടങ്ങിയതും അന്യസംസ്ഥാനങ്ങളിൽ മഴ കനത്തവുമാണ് വില ഇടിയാൻ കാരണം. കാലംതെറ്റിയുള്ള കാലാവസ്ഥയിൽ പൈനാപ്പിളിന് ആവശ്യക്കാർ കുറയുകയാണുണ്ടായത്. വിപണിയിൽ വലിയ മാന്ദ്യം അനുഭവപ്പെടുന്നു. ദീപാവലിയ്ക്ക് തുടർച്ചയായി മാർക്കറ്റ് അവധിയായിരുന്നതുമൂലം കച്ചവടക്കാർ ചരക്കു വാങ്ങാൻ മടിച്ചിരുന്നു.

പഴുക്കാൻ പാകമായതും പഴുത്തതും എന്നിങ്ങനെ തരം തിരിച്ചാണ് കർഷകരിൽ നിന്ന് വ്യാപാരികൾ വാങ്ങുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പൈനാപ്പിൾ പഴുക്കുന്നതിന് അഞ്ച് ദിവസം മുമ്പ് വെട്ടിയെടുത്ത്, അവിടെ എത്തുമ്പോൾ പഴുപ്പാകുന്ന രീതിയിലാണ് കൊണ്ടുപോവുക. പഴുത്തത് 24 മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയിടങ്ങളിലെ വിപണിയിലേക്കും കൊണ്ടുപോകും. ദക്ഷിണേന്ത്യയിൽ നിലവിൽ മഴയായതിനാൽ, പഴുത്ത പൈനാപ്പിളിന് ഡിമാൻഡ് ഇല്ലാതായി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലത്തിന്റെ ആരംഭമായതോടെ പച്ച പൈനാപ്പിളിനും ഡിമാൻഡ് കുറഞ്ഞു.

കർഷകന് ലഭിക്കുന്നത്.

കിലോയ്ക്ക് 22രൂപ.

പഴയ വില 45 രൂപ.

റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയി വാളിപ്ലാക്കൽ പറയുന്നു.

അടുത്ത മൂന്നുമാസത്തേക്ക് പൈനാപ്പിൾ വിലയിൽ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. പൈനാപ്പിൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കാൻ സർക്കാർ തയ്യാറാകാണം. കർഷകരെ രക്ഷിക്കാൻ അതേ മാർഗമുള്ളൂ.