പാലാ: ചെമ്പിട്ടമ്പലമെന്ന പേരിൽ പുണ്യപ്രസിദ്ധമായ ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ ശാസ്താവിനായുള്ള ശ്രീകോവിലിന്റെ തറക്കല്ലിടീൽ നാളെ നടക്കുമെന്ന് ഭാരവാഹികളായ ഡോ.പി.ജി സതീഷ്ബാബു, കെ.സി നിർമ്മൽകുമാർ, ലതാ ഗോപിനാഥ്, അശോകൻ മൂന്നാനി, സുനിൽ കിഴപാറയിൽ, മാതൃസമിതി പ്രസിഡന്റ് രമണി ഗോപി, സെക്രട്ടറി പത്മാ ബാബു എന്നിവർ അറിയിച്ചു.
28ന് രാവിലെ 9.10നും 10നും മദ്ധ്യേയുള്ള മുഹൂർത്തതിൽ ശബരിമല തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവര് ശിലാസ്ഥാപനം നിർവഹിക്കും. ഡോ.സതീഷ്ബാബു പണികഴിപ്പിച്ച് സംഭാവനയായി നൽകുന്ന പഞ്ചലോഹത്തിൽ തീർത്ത അങ്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ഏറ്റുവാങ്ങും. ഇതോടൊപ്പം ലതാ ഗോപിനാഥൻ നായർ സംഭാവന ചെയ്യുന്ന രജതനിർമ്മിതമായ ചന്ദ്രക്കലയുടെ സമർപ്പണം ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ നിർവഹിക്കും.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജിവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർ പി.എം. തങ്കപ്പൻ എന്നിവരെ രാവിലെ 8.30 ന് ക്ഷേത്രകവാടത്തിൽ സ്വീകരിക്കും. തുടർന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ താലപ്പൊലിയോടെ വിശിഷ്ടാതിഥികളെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കും.