ചങ്ങനാശേരി: പെരുന്നയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ഉപയോഗശൂന്യമായ മെത്തകൾക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ കൂട്ടിയിട്ടിരുന്ന മെത്തകളാണ് കത്തിനശിച്ചത്. ഹോസ്റ്റൽ വാർഡൻ ചങ്ങനാശേരി അഗ്‌നിശമനസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സജിമോൻ ടി.ജോസഫ്, മുഹമ്മദ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു. കെട്ടിടത്തിന് സമീപം വൃത്തിയാക്കിയ ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇവിടെ നിന്നും തീക്കനലുകൾ മെത്തകിടന്ന ഭാഗത്തേയ്ക്ക് വീണ് തീപടർന്നു പിടിച്ചതാകാമെന്ന് അഗ്‌നിശമനസേനാ അധികൃതർ പറഞ്ഞു. 50 ഓളം വിദ്യാർത്ഥികൾ ഇവിടെ താമസിക്കുന്നുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും സേനാംഗങ്ങൾ പറഞ്ഞു.