ജനറൽ ആശുപത്രി ഒ.പിയിൽ ചീട്ടെടുക്കാൻ രോഗികളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്

പാലാ: ജനറൽ ആശുപത്രി അധികാരിളെ... പാവപ്പെട്ട രോഗികളെ ഇങ്ങനെ വലയ്ക്കല്ലേ... കഴിഞ്ഞ രണ്ട് ദിവസമായി പാലാ ജനറൽ ആശുപത്രി ഒ.പിയിൽ അത്രയായിരുന്നു തിരക്ക്. മണിക്കൂർ നിന്നാൽപോലും ചീട്ടെടുക്കാൻ കഴിയാത്ത അവസ്ഥ. അത്രയ്ക്ക് നീണ്ട ക്യൂവായിരുന്നു. ശരാശരി ആയിരത്തോളം രോഗികൾ ദിവസവും ഇവിടെ ഒ.പി.യിൽ ഡോക്ടറെ കാണാൻ എത്തുന്നുണ്ട്. എന്നാൽ ചീട്ടെടുക്കുക എന്നുള്ളത് മല്ലുപിടിച്ച കാര്യമാണ്. മണിക്കൂറുളോളം ക്യൂ നിന്നാലും ചീട്ടെടുക്കാൻ കഴിയാറില്ല. ആകെപ്പാടെ രണ്ട് ജീവനക്കാരാണ് ചീട്ട് എഴുതാൻ ഇരിക്കുന്നത്. ആയിരത്തോളം പേർക്ക് ചീട്ട് കുറിക്കുമ്പോഴേക്കും ഇവരും വശംകെടും. ഇതോടെ അങ്ങോട്ടുമിങ്ങോട്ടും പറച്ചിലായി, കശപിശയായി. രോഗവുമായാണ് ആളുകൾ ആശുപത്രിയിൽ എത്തുന്നതെന്ന പരിഗണന അധികാരികൾ കൊടുത്തേ തീരൂ. വൃദ്ധരും കൊച്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ ആകെ വലഞ്ഞുവരുന്നവർക്ക് ചീട്ടെടുക്കാനായി മണിക്കൂറുളോളമുള്ള കാത്തിരിപ്പ് സഹിക്കാൻ വയ്യ. നിന്ന് വലഞ്ഞ് മടുത്ത പലരും നിലത്ത് കുത്തിയിരുന്നും മറ്റുമാണ് സമയം തള്ളിനീക്കുന്നത്. പലരും അവശരായാണ് വരുന്നത്. തിരക്കേറിയ സമയങ്ങളിലെങ്കിലും ചീട്ടെഴുതാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികാരികൾ നടപടി സ്വീകരിച്ചേ പറ്റൂ. ഇന്നലെ രാവിലെ 9 മണിയോടെ ആശുപത്രിയിലെത്തിയവർക്ക് പത്തര കഴിഞ്ഞിട്ടും ചീട്ടുകിട്ടാത്ത അവസ്ഥയുണ്ടായി.

അവധിയായി, പിന്നെ...

ഒരു ജീവനക്കാരൻ അവധിയായതാണ് പ്രശ്‌നമായതെന്നും അരമണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞെന്നും ജനറൽ ആശുപത്രി ആർ.എം.ഒ ഡോ.സോളി മാത്യു പറഞ്ഞു. രോഗികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ രണ്ട് പേരേക്കൂടി ചീട്ടെഴുതുന്ന കൗണ്ടറിലേക്ക് നിയോഗിച്ചതോടെ പ്രശ്‌നപരിഹാരമായെന്നും ആർ.എം.ഒ. ചൂണ്ടിക്കാട്ടി. തിരക്കേറുന്ന ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചീട്ട് എഴുതുന്നിടത്ത് നിയോഗിച്ച് രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുമെന്നും ഡോ. സോളി മാത്യു ഉറപ്പുനൽകി.

ഫോട്ടോ അടിക്കുറിപ്പ്

പാലാ ജനറൽ ആശുപത്രി ഒ.പി.യിൽ ഇന്നലെ രാവിലെ കാണപ്പെട്ട രോഗികളുടെ നീണ്ട ക്യൂ