കൊഴുവാനാൽ: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ പന്ന്യാമറ്റം പട്ടികജാതി കോളനിയിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ തെളിക്കാൻ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഇന്നലെ കത്ത് നൽകി.

ഏഴ് മാസം മുമ്പ് സ്ഥാപിച്ച ലൈറ്റുകൾക്ക് വൈദ്യുതി കണക്ഷൻ എടുക്കുന്നത് സംബന്ധിച്ച് കെൽ പ്രതിനിധികൾ അന്ന് തന്നെ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ നൽകിയിട്ടും യഥാസമയം തുടർനടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കാത്തതാണ് വിവാദമായത്. പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തുമെമ്പറുമായുള്ള രാഷ്ട്രീയ അഭിപ്രായഭിന്നതകൾ മൂലമാണ് ലൈറ്റ് വിഷയത്തിൽ തുടർ നടപടി സ്വീകരിക്കാത്തത് എന്നായിരുന്നു ആരോപണം.

ലൈറ്റ് സ്ഥാപിച്ച കെൽ പ്രതിനിധികൾ (കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി) കുറഞ്ഞത് 12 തവണയെങ്കിലും കൊഴുവനാൽ പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അനുവാദം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറായില്ലെത്രേ.

എന്നാൽ കെൽ പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ച് ഇതേവരെ പഞ്ചായത്ത് ഓഫീസിൽ എത്തിയിട്ടേയില്ല എന്നായിരുന്നു പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ വാദം.

തങ്ങൾ സ്ഥാപിച്ച ലൈറ്റിനുള്ള വൈദ്യുതി കണക്ഷൻ അനുമതി പത്രത്തിനായി കുറഞ്ഞത് 12 തവണയെങ്കിലും പഞ്ചായത്ത് ഓഫീസിൽ എത്തിയെന്ന് കെൽ പ്രതിനിധികൾ രേഖാമൂലം ഇന്നലെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിരുന്നു.

ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് പന്ന്യാമറ്റം കോളനി നിവാസികൾ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് പരാതിയും നൽകിയിരുന്നു.

കെല്ലിന്റെയും നാട്ടുകാരുടെയും പരാതി കണക്കിലെടുത്താണ് എത്രയുംവേഗം മിനി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്നലെ കത്ത് നൽകിയത്.