പൊൻകുന്നം: ശബരിമല തീർത്ഥാടനം അടുത്തെത്തുമ്പോൾ വാനോളം പ്രതീക്ഷകളുമായി വ്യാപാരികൾ. യുവതീ പ്രവേശനവും പേമാരിയും കൊവിഡും തീർത്ത പ്രതിസന്ധികൾ തീർത്ഥാടനത്തെ ബാധിച്ചപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യാപാരികളും തകർച്ചയിലായിരുന്നു. ദുരിതങ്ങളും നിയന്ത്രണങ്ങളുമില്ലാതെ വന്നെത്തുന്ന തീർത്ഥാടനകാലത്ത് കൂടുതൽ ഭക്തരെത്തുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാർക്ക്. അതിനായുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന കരുതൽ ശേഖരമാണ് സൂപ്പർമാർക്കറ്റുകളിലും മറ്റും ഒരുക്കുന്നത്. ശരക്കോലു മുതൽ ശരണമന്ത്രങ്ങൾ വരെ തീർത്ഥാടകർക്കാവശ്യമുള്ളതെന്തും ഒരു കുടക്കീഴിൽ ലഭ്യമാക്കാനാണ് സൂപ്പർമാർക്കറ്റുകളുടെ ശ്രമം. ഇതിനിടെ ചെറുകിട കച്ചവടക്കാരും താല്കാലികകച്ചവടക്കാരും പ്രതീക്ഷയിലാണ്. കാൽനടയായെത്തുന്ന അയ്യപ്പന്മാരിലും വർദ്ധനവുണ്ടാകുമെന്നാണ് പൊതുവേ കണക്കുകൂട്ടുന്നത്. ഇവർക്കായി കച്ചവടസ്ഥാപനത്തോടു ചേർന്ന് ഷെഡ്ഡ് കെട്ടി വിശ്രമ കേന്ദ്രങ്ങൾകൂടി ഒരുക്കുകയാണ് താല്കാലിക കച്ചവടക്കാർ.
ഭക്ഷണം പാകം ചെയ്യാൻ സൗകര്യം
തീർത്ഥാടകർക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും സൗകര്യം ചെയ്തുകൊടുക്കും.വൃശ്ചികം ഒന്നിന് തീർത്ഥാടനം തുടങ്ങിയാൽ മകരവിളക്ക് കഴിഞ്ഞ് ഒരാഴ്ചകൂടിയുണ്ടാകും ദർശനം. രണ്ടുമാസത്തിലേറെക്കാലം നീണ്ടുനിൽക്കുന്ന ഒരു ഉത്സവം തന്നെയാണ് നാടെങ്ങും.