
കോട്ടയം. കുട്ടനാടൻ മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ അപ്പർകുട്ടനാടൻ പ്രദേശമായ കോട്ടയവും ഭീതിയിലായി. വൈറസാണ് രോഗകാരണമെന്നതിനാൽ ദേശാടന പക്ഷി വഴിയും കോട്ടയത്തേയ്ക്ക് രോഗം പടരാമെന്ന് ജില്ലാ വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ.ഷാജി പണിക്കശേരി അറിയിച്ചു.
ഇതിനാൽ ജില്ലയിലെ താറാവ് കർഷകർ കനത്ത ജാഗ്രത പാലിക്കണം.
ആലപ്പുഴ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തിരുന്നു. രക്തസാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സൂചന ലഭിച്ചത്. സ്ഥിരീകരണത്തിന് ഭോപ്പാലിലെ വെറ്ററിനറി ഹൈസെക്യൂരിറ്റി വൈറോളജി ലാബിലേക്ക് അയയ്ക്കുകയായിരുന്നു. പക്ഷിപ്പനി ഉറപ്പായതോടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും കോഴികളെയും കൊന്നൊടുക്കും
2015ൽ പക്ഷിപ്പനി വ്യാപിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളിൽ ലക്ഷക്കണക്കിന് താറാവുകളെ കൊന്നൊടുക്കേണ്ടി വന്നു. ചത്ത താറാവുകളെ ജലാശയങ്ങളിൽ തള്ളിയതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് താറാവ് കുഞ്ഞുങ്ങളെ എത്തിക്കുന്നതും ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതും രോഗവ്യാപനത്തിന് വഴിതെളിക്കുന്നു.
ദേശാടനപ്പക്ഷികളിൽ നിന്നാണ് രോഗം പകരുന്നതെന്നും സംശയമുണ്ട്. മുൻ വർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ കേരളത്തിലും രോഗബാധ ഉണ്ടായ സാഹചര്യത്തിൽ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കും. കുമരകം പക്ഷി സങ്കേതം ദേശാടന പക്ഷികൾ ഏറെയുള്ള സ്ഥലമാണ് . കൊയ്തു കഴിഞ്ഞ പാടത്തും കൂട്ടത്തോടെ ദേശാടന പക്ഷികൾ എത്തുന്നതിനാൽ രോഗവ്യാപന സാദ്ധ്യതയും കൂടുതലാണ്.
എന്താണ് പക്ഷിപ്പനി.
ഇൻഫ്‌ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്‌ളുവൻസ അഥവാ പക്ഷിപ്പനി. കോഴി, താറാവ്, കാട, ടർക്കി, വാത്ത, പ്രാവ് തുടങ്ങിയ പക്ഷികളിലെല്ലാം വൈറസ് ബാധയുണ്ടാകാം.
രോഗലക്ഷണങ്ങൾ.
താട, പൂവ് എന്നിവയിൽ നീല നിറം, പച്ച കലർന്ന കാഷ്ഠത്തോടു കൂടിയ വയറിളക്കം, മൂക്കിൽ നിന്ന് രക്തം കലർന്ന സ്രവം, കാലുകളിൽചുവപ്പു നിറം. പെട്ടെന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പ്രധാന സൂചന.
മനുഷ്യരിലേയ്ക്കും പകരാം.
മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷി വൈറസുകൾക്കുണ്ടെന്ന് ജില്ലാ വെറ്ററിനറി മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധയേറ്റവരിൽ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. വൈറസ് ബാധിച്ച സ്ഥലത്തെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് പ്രതിവിധി . ഇവയുടെ മുട്ടകൾ കഴിക്കുന്നത് ഉത്തമമല്ല.