ചങ്ങനാശേരി : കൂറ്റൻ തണൽമരങ്ങൾക്കിടയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ചങ്ങനാശേരി എക്‌സൈസ് ഓഫീസ് കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.
പുതിയ കോംപ്ലക്‌സ് നിർമ്മാണത്തിന് പി.ഡബ്ല്യു.ഡിയുടെ അനുമതി ലഭിച്ചെങ്കിലും നടപടികൾ വൈകി. മൂന്ന് കോടി രൂപ വകയിരുത്തി മൂന്ന് നിലകളിലായി ആധുനിക രീതിയിലാണ് പുതിയ കോംപ്ലക്സ് നിർമ്മിക്കുന്നത്. ഓഫീസ് പ്രവർത്തനം നിലവിലെ കെട്ടിടത്തിന് എതിർവശത്തായുള്ള താത്കാലിക കെട്ടിത്തിലേക്ക് മാറ്റി.
ആശ്വാസത്തിൽ ജീവനക്കാർ
ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് മോചനം ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് ജീവനക്കാർ. എക്‌സൈസ് ചരിത്രത്തിൽ ആദ്യമായി നൂറുമയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്യുന്ന ആദ്യ റേഞ്ച് ഓഫീസാണിത്. എക്‌സൈസ് ഓഫീസിൽ സർക്കിൾ ഇൻസ്‌പെക്ടറുടെ കാര്യാലയവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. 32 ജീവനക്കാരാണുള്ളത്. ചങ്ങനാശേരി എക്‌സൈസ് റേഞ്ചിന്റെ പരിധി മണിമല വരെയാണ്.
തൊണ്ടിമുതൽ വരാന്തയിൽ
പരിമിതി മൂലം തൊണ്ടി മുതലുകൾ ഉൾപ്പെടെ ജയിൽ മുറികളിലും ഇടുങ്ങിയ മുറികളിൽ ഫയലുകളും മറ്റ് സാധന സാമഗ്രികളും, വരാന്തകളിലുമാണ് സൂക്ഷിച്ചിരുന്നത്. പഴയ ബഞ്ചും മേശയുമാണ് ഫർണ്ണിച്ചറുകളായി ഉപയോഗിക്കുന്നത്.