കോട്ടയം: മലയോര മേഖലയുടെ ദാഹം മാറ്റുന്ന മലങ്കര മീനച്ചിൽ കുടിവെള്ളപദ്ധതിക്ക് ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 1250 കോടി രൂപയുടെ പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. വർഷം മുഴുവൻ ജലം ലഭിക്കുന്നതാണ് പദ്ധതി.

മലങ്കര ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള മലങ്കര റിസർവോയറിൽ നിന്ന് ജില്ലയിലെ 13 പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കും. നീലൂരിൽ സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയിൽ നിന്ന് പ്രതിദിനം 40 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മുൻ മന്ത്രി കെ.എം. മാണിയുടെ കാലത്ത് ഒന്നേമുക്കാൽ ഏറോളം ഭൂമി ഇതിനായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന ഈ പഞ്ചായത്തുകളിൽ ജലജീവൻ മിഷനിലൂടെ പദ്ധതി നടപ്പാക്കും.

 13 പഞ്ചായത്തുകളിൽ കുടിവെള്ള

മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം

തിടനാട്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം.

തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ.

ആദ്യ പദ്ധതി ഉപേക്ഷിച്ചു

പദ്ധതിക്ക് ബദലായി കൂറ്റനാൽ കടവിലും കളരിയാമാക്കലിലും മീനച്ചിലാറിന് കുറുകേ ചെക്ക് ഡാമുകൾ നിർമിച്ച് മറ്റൊരു പദ്ധതി പരിഗണിച്ചു പഠനം നടത്തിയിരുന്നെങ്കിലും മീനച്ചിലാറിലെ ജലദൗർലഭ്യം മൂലം ഉപേക്ഷിച്ചു. മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വർഷം മുഴുവൻ ജല ലഭ്യത ഉറപ്പാക്കാനും ജനങ്ങൾക്ക് കടുത്ത വേനലിൽ പോലും കുടിവെള്ളം തടസമില്ലാതെ വിതരണം ചെയ്യാനും സാധിക്കുമെന്നതിനാൽ വീണ്ടും ഈ പദ്ധതിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

'' ജലജീവൻ മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎമാരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കും'' മന്ത്രി റോഷി അഗസ്റ്റിൻ