വൈക്കം: മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ നിർമ്മാണം ആരംഭിച്ചു. ചെങ്ങന്നൂർ പാണംപറമ്പിൽ കെ.ജി സാജനാണ് ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ ഒരുക്കുന്നത്. 30ന് രാവിലെ 9.30ന്ന് ഉദയനാപുരം ക്ഷേത്രത്തിലും 10.30ന് വൈക്കം ക്ഷേത്രത്തിലും കൊടിക്കൂറ സമർപ്പിക്കും. ശബരിമല ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ ഒരുക്കിയിട്ടുള്ള സാജൻ 20ാം തവണയാണ് വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലേക്ക് കൊടിക്കൂറ നിർമ്മിക്കുന്നത്. വൈക്കം ക്ഷേത്രത്തിന് സമീപം താമസിച്ചാണ് സാജൻ കൊടിക്കുറ തയാറാക്കുന്നത്. കൊടിക്കൂറയുടെ നിർമ്മാണം പൂർത്തിയാക്കി വഴിപാടായി വൈക്കപ്രയാർ ആലുങ്കൽ പ്രതാപചന്ദ്രൻ ഇരുക്ഷേത്രങ്ങളിലും കൊടിക്കൂറ സമർപ്പിച്ച ശേഷമേ സാജൻ മടങ്ങുക പതിവുള്ളു. അഞ്ചര മീറ്റർ നീളത്തിൽ നവഗ്രഹ സങ്കൽപത്തിൽ ഒൻപത് വർണങ്ങളിലായി നിർമിക്കുന്ന കൊടിക്കൂറയിലെ ഏഴു നിറം മൂന്നു തവണ ആവർത്തിച്ച് ഇരുപത്തിയൊന്നു കോളമായണ് കൊടിക്കൂറയുടെ നിർമാണം. വൈക്കം ക്ഷേത്രത്തിൽ നവംബർ ആറിന് രാവിലെ 7.10നും 9.10നും മദ്ധ്യേയാണ് കൊടിയേറ്റ്. ഉദയനാപുരം ക്ഷേത്രത്തിൽ നവംബർ 29ന് രാവിലെ 6.30നും 7.30നും മദ്ധ്യേ കൊടിയേറും.

ചിത്രവിവരണം

വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉത്സവത്തിന്റെ കൊടിയേറ്റിനുള്ള കൊടിക്കൂറ കെ.ജി സാജൻ തയാറാക്കുന്നു.