പാലാ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ നവംബർ 10ന് മുമ്പ് പൂർത്തീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. പാലാ ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രത്തിലെ പഞ്ചലോഹ അങ്കി സമർപ്പണത്തിനും ശാസ്താക്ഷേത്ര ശ്രീകോവിൽ ശിലാന്യാസ ചടങ്ങളിൽ പങ്കെടുക്കാനും എത്തിയതായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡിന് പുറമെ സർക്കാരും തീർത്ഥാടന ഒരുക്കത്തിനുള്ള തീവ്രശ്രമങ്ങൾ നടത്തിവരികയാണ്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സഹായിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. നീലിമലയിലെ കരിങ്കൽപാളി വിരിക്കൽ നവംബർ 10നുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയുക്ത ശബരിമല മേൽശാന്തി മുഖ്യമന്ത്രിയെ കണ്ടോ എന്നുള്ളത് തനിക്ക് നേരിട്ട് അറിയില്ലെന്നും എന്നാൽ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിൽ അത് അപകടകരമായ സ്ഥിതിവിശേഷമൊന്നുമല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
.