പാലാ: സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് പ്രമുഖ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ ഇത്തവണ വിപുലമായ പരിപാടികൾ നടക്കും.
കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 5.30ന് നിർമ്മാല്യദർശനം, തുടർന്ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9 മുതൽ കലശം, കലശപൂജ, കലാശാഭിഷേകം, അഷ്ടാഭിഷേകം, തുടർന്ന് സഹസ്രപത്മാഭിഷേകം, സർവൈശ്വര്യപൂജ, ഷഷ്ഠിപൂജ, 12.30ന് അമൃഭോജനം, വൈകിട്ട് 6.30 വിശേഷാൽ ദീപാരാധന, മേൽശാന്തി സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഫോൺ 6282174725
ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ മഹാഗുരുവിന്റെ പാദത്തിങ്കൽ ദക്ഷിണ സമർപ്പിച്ചുകൊണ്ട് സ്‌കന്ദഷഷ്ഠി വ്രതത്തിന് തുടക്കമാകും. ഓരോ വർഷത്തെയും ഷഷ്ഠിവ്രത ആരംഭം കുറിക്കുന്നത് സ്‌കന്ദഷഷ്ഠിനാളിലാണ്. ഗുരുപാദങ്ങളിൽ വെറ്റിലയും അടയ്ക്കയും ഒരു നാണയവും ചേർത്ത് കാണിക്ക സമർപ്പിച്ച ശേഷമാണ് ഇവിടെ സ്‌കന്ദഷഷ്ഠിവ്രതം ആരംഭിക്കുന്നത്.
ഇടപ്പാടിയിൽ ഷഷ്ഠിയോട് അനുബന്ധിച്ച് നടത്തുന്ന കാര്യസിദ്ധിപൂജയും വളരെ പ്രധാനമാണ്. കാര്യസിദ്ധിപൂജയ്ക്ക് ശേഷം ശ്രീകോവിലിൽ പ്രത്യേകമായി പൂജിച്ച വെറ്റിലയും നാരങ്ങയും വെള്ളിനാണയവും ഭക്തർക്ക് പ്രസാദമായി നൽകും.
ഭഗവത്പാദത്തിങ്കൽ കാണിക്കയർപ്പിച്ച് സ്‌കന്ദഷഷ്ഠിനാളിൽ വ്രതമാരംഭിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. ഷഷ്ഠിപൂജയ്ക്കും കാര്യസിദ്ധിപൂജയ്ക്കും മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
കിടങ്ങൂർ: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ 5 ന് നിർമ്മാല്യം, തുടർന്ന് ഗണപതിഹോമം, എതിർത്തപൂജ, ശ്രീബലി എഴുന്നള്ളത്ത്, 12 ന് നവകാഭിഷേകം, പാലഭിഷേകം, പഞ്ചഗവ്യാഭിഷേകം എന്നിവ നടക്കും. 12.30 നാണ് ഷഷ്ഠിപൂജ. സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്ക് നാളെ പുലർച്ചെ നാലിനു തുടക്കമാകും.
രാവിലെ മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുണ്ടാകും. പഞ്ചാമൃതവും കടുംപായസവും നിവേദ്യവുമടക്കം പ്രസാദവിതരണത്തിന് പുലർച്ചെ മുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളും വിശ്രമിക്കാനുള്ള പ്രത്യേക പന്തലുകളും ഒരുക്കിയിട്ടുണ്ട്.