ഉഴവൂർ: ഡോക്ടർ കെ.ആർ നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഡയാലിസിസ് നടത്താനുള്ള സൗകര്യമായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 1.40 മുടക്കി സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റ് 30ന് രാവിലെ 9 30ന് മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിക്കും. ബ്ലോക്ക് പഞ്ചായത്താണ് യൂണിറ്റിനായി കൂടുതൽ ഫണ്ട് വകയിരുത്തിയത്. ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സഹകരണവും ഉറപ്പാക്കി. 8 ലക്ഷം രൂപയാണ് ജനകീയ സംഭാവനയായി ലഭിച്ചത്. ആധുനിക ലബോറട്ടറി എക്‌സറേ യൂണിറ്റ് എന്നിവയുടെ സമർപ്പണവും നാളെ നടത്തും. ആശുപത്രിയിൽ മിനി ഓപ്പറേഷൻ തിയേറ്റർ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി. തീയേറ്റർ നിർമ്മാണം പൂർത്തിയാക്കമ്പോൾ അനസ്തീസിയ വിഭാഗം ഡോക്ടർമാർ ഉൾപ്പെടെ ഉള്ളവരുടെ സേവനം ഉറപ്പാക്കും. 30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ അധ്യക്ഷത വഹിക്കും. ആധുനിക ലബോറട്ടറി തോമസ് ചാഴിക്കാടൻ എം.പിയും എക്‌സ്‌റേ യൂണിറ്റ് മോൻസ് ജോസഫ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോൾ ജേക്കബ് പദ്ധതി വിശദീകരണം നിർവഹിക്കും.