കോട്ടയം: കനറാ ബാങ്ക് ശാഖകളിലെയും ഓഫീസുകളിലെയും ഹൗസ് കീപ്പിംഗ് ജോലികൾ പുറം കരാർ നൽകുന്നതിനെതിരെ ബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു. ശാഖകളിലെ ഹൗസ് കീപ്പിംഗ് ജോലികൾ ടെൻഡർ വിളിച്ച് പുറം കരാർ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏജൻസിക്ക് കരാർ നൽകിയാൽ നിലവിൽ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാർ പൂർണമായും ഒഴിവാക്കപ്പെടും. ഈ നിർദേശങ്ങടങ്ങിയ കത്ത് കനറാ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും സർക്കിൾ ഓഫീസുകൾക്ക് നൽകി.

കനറാ ബാങ്കിന്റെ തൊഴിലാളിവിരുദ്ധ നടപടിക്കെതിരെ കനറാ ബാങ്ക് സ്റ്റാഫ് യൂണിയനും, ബാങ്ക് ടെമ്പററി എംപ്ലോയിസ് ഫെഡറേഷനും (ബി.ഇ.എഫ്.ഐ) സംയുക്തമായി കനറാ ബാങ്ക് കോട്ടയം ശാഖയ്ക്ക് മുമ്പിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി ശ്രീരാമൻ, സെക്രട്ടറി കെ.കെ. ബിനു, ജോ. സെക്രട്ടറി കെ.ഡി. സുരേഷ്, സി.ബി.എസ്.യു സംസ്ഥാന ജോ. സെക്രട്ടറി യു.അഭിനന്ദ്, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ. റെഡ്യാർ തുടങ്ങിയവർ സംസാരിച്ചു.