പാലാ: വിവിധ ക്ഷേത്രങ്ങളെ സഹായിക്കുന്നതിന് ഈ വർഷം ഗുരുവായൂർ ദേവസ്വം 5 കോടി രൂപ നീക്കിവച്ചതായി ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ പറഞ്ഞു. കഴിഞ്ഞ വർഷംവരെ ഇത് രണ്ട് കോടി രൂപയായിരുന്നു. ഇത്തവണ കൂടുതൽ ക്ഷേത്രങ്ങളെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമല ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിയായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിരതാലപ്പൊലി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മനോജ് ബി. നായർ. അമനകര സ്വദേശി ഗിരിജ ആദ്യനോട്ടീസ് ഏറ്റുവാങ്ങി.

കാവിൻപുറം ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദേവസ്വം ഭാരവാഹികളായ പി.എസ്. ശശിധരൻ, ത്രിവിക്രമൻ തെങ്ങുംപള്ളിൽ, പ്രസന്നൻ കാട്ടുകുന്നത്ത്, സരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാർ, ആർ. സുനിൽകുമാർ തുമ്പയിൽ, ചിത്ര വിനോദ് തുടങ്ങിയവർ സംസാരിച്ചു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും നവഗ്രഹ പൂജയും നടന്നു. കാവിൻപുറം ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിനുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്ച സമാപിക്കും. വഴിപാടായാണ് തിരുവാതിരകളി നടത്തുന്നതെങ്കിലും മികച്ച ടീമുകൾക്ക് കാവിൻപുറം ദേവസ്വം ക്യാഷ് അവാർഡും ട്രോഫിയും നൽകും.