പാലാ: നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇടവഴികൾ, നീർച്ചാലുകൾ എന്നിവ കൈയേറുന്നതിനെതിരെ കർശന നടപടികൾക്കൊരുങ്ങി പാലാ നഗരസഭ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പാലാ കൊട്ടാരമറ്റത്ത് മീനച്ചിലാറ്റിലേക്കുള്ള ഇടവഴി കൈയേറി ചിലർ മണ്ണിട്ട് നികത്തിയതും തുടർന്ന് അവിടെ നഗരസഭാ പ്രതിപക്ഷാംഗങ്ങൾ കൊടികുത്തി നടത്തിയ സമരവും കൗൺസിൽ യോഗത്തിൽ ചർച്ചയായി. അവിടെ കൈയേറ്റമുണ്ടെങ്കിൽ അത് കർശനമായും ഒഴിപ്പിക്കണമെന്ന് ഭരണപക്ഷത്തെ അഡ്വ. ബിനു പുളിക്കക്കണ്ടം, വാർഡ് കൗൺസിലർ കൂടിയായ സാവിയോ കാവുകാട്ട്, പ്രതിപക്ഷത്തെ ജിമ്മി ജോസഫ്, മായാ രാഹുൽ എന്നിവർ ആവശ്യപ്പെട്ടു. കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. പാലാ നഗരത്തിലെ വിവിധ മീൻകടകൾ കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നവിധം വഴിയിലേക്ക് ഇറക്കിവച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഡ്വ. ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.

പാലാ നഗരസഭയിൽ പട്ടികജാതി വിഭാഗക്കാർക്ക് കമ്മ്യൂണിറ്റി ഹാൾ പണിയുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ആർ.ഡി.ഒ.യുടെ പേരിൽ നിക്ഷേപിച്ചിട്ടുള്ള 37.50 ലക്ഷം രൂപ നഗരസഭയ്ക്ക് തിരികെ ലഭിക്കുന്നതിന് ജില്ലാ കളക്ടർക്ക് കത്തയയ്ക്കാനും കൗൺസിൽ തീരുമാനിച്ചു.