
കോട്ടയം . തെരുവുനായ്ക്കളുടെ ആക്രമണം തുടരുമ്പോഴും പ്രതിരോധ വാക്സിനേഷൻ അടിമുടി പാളി. ആയിരം നായ്ക്കൾക്ക് പോലും ഇതുവരെ പേവിഷ പ്രതിരോധ വാക്സിൻ നൽകിയില്ല. ഒരു നായയ്ക്ക് പോലും കുത്തിവയ്പ്പ് നൽകാത്ത പഞ്ചായത്തുകളുമുണ്ട്. നായപിടുത്തത്തിൽ പരിശീലനം വേണ്ടവരുടെ പട്ടികയും മൃഗസംരക്ഷണവകുപ്പിന് കൈമാറിയിട്ടില്ല. വളർത്തു മൃഗങ്ങളുടെ വാക്സിനേഷനും ലൈസൻസും ലക്ഷ്യത്തിന് അടുത്തെങ്കിലുമെത്തിയെങ്കിലും ആകെ 816 തെരുവു നായ്ക്കൾക്കാണ് ജില്ലയിൽ വാക്സിനേഷൻ നൽകിയത്. തെരുവുനായ്ക്കളെ പിടികൂടാൻ ചുമതലപ്പെടുത്തിയവരുടെ പട്ടികപോലുമില്ല. നായപിടുത്തക്കാർക്ക് മൃഗസംരക്ഷണവകുപ്പ് ഒരാഴ്ചത്തെ പരിശീലനം നൽകിയിട്ട് വേണം കുത്തിവയ്പ് തുടങ്ങാൻ. ഇതിനിടെ വാക്‌സിന്റെ ലഭ്യത കുറവും പ്രതിസന്ധിയായി. ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് കുറഞ്ഞത് മൂവായിരം തെരുവുനായകളുണ്ടെന്നാണ് കണക്ക്.
ശൗര്യം കുറഞ്ഞില്ല.
വാക്സിനേഷൻ യജ്ഞത്തിലൂടെ മുഴുവൻ തെരുവുനായ്ക്കളെയും വന്ധ്യംകരിക്കുമെന്നുള്ള പ്രഖ്യാപനത്തിൽ കാണിച്ച ശൗര്യം പദ്ധതി നടപ്പാക്കുന്നതിലുണ്ടായില്ലെങ്കിലും നായകളുടെ പല്ലിന്റെ ശൗര്യം ഒട്ടും കുറഞ്ഞിട്ടില്ല. ജില്ലയിൽ പ്രതിമാസം ആയിരത്തിലേറെ പേർക്കാണ് കടിയേൽക്കുന്നത്. തെരുവുനായ ആക്രമണം വിവാദമായപ്പോഴുണ്ടായ ചൂട് പിന്നീട് അവസാനിക്കുകയും ചെയ്തു. വന്ധ്യംകരണത്തിനുള്ള എ ബി സി സെന്ററിന്റെ പ്രവർത്തനം നവംബർ രണ്ടാംവാരം ആരംഭിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. മൃഗങ്ങളുടെ വാക്‌സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്കും നായകളുടെ കടിയേറ്റതും പതിവായി. 30ലേറെ ജീവനക്കാർക്കാണ് കടിയേറ്റത്.
മാലിന്യം സംസ്കരണവും പാളി.
തെരുവുനായ്ക്കൾ പെറ്റുപെരുകാൻ പ്രധാന കാരണം മാലിന്യം കുന്നുകൂടിക്കിടക്കുന്നതാണെന്ന് കണ്ടെത്തിയിട്ടും നഗരസഭകളുടെ മാലിന്യ സംസ്കരണം അടിമുടി പാളി. കേന്ദ്ര സർക്കാർ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം മാലിന്യ സംസ്കരണത്തിനായി നൽകിയ ഫണ്ട് പോലും കൃത്യമായി ചെലവാക്കാൻ നഗരസഭകൾക്ക് കഴിഞ്ഞില്ല. രണ്ട് കോടിയിലേറെ രൂപ അനുവദിച്ച കോട്ടയം നഗരസഭ വെറും 30 ലക്ഷം രൂപമാത്രമാണ് ചെലവാക്കിയത്.