
കോട്ടയം . 200 വർഷത്തിലേറെ പഴക്കമുള്ള തണൽമരം അപകടത്തിലെന്ന് വരുത്തിത്തീർത്ത് വെട്ടിമാറ്റാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ കോടതിയിലേക്ക്. കറുകച്ചാൽ ജംഗ്ഷന്റെ മുഖമുദ്രയായി രണ്ടു നൂറ്റാണ്ടിലേറെയായി തളിർത്തും പൂത്തും കായ്ച്ചും പതിനായിരങ്ങൾക്ക് തണലേകിയും നിൽക്കുന്ന കൂറ്റൻ തായ്മരത്തിന്റെ കടക്കൽ കത്തിവയ്ക്കുന്നതിനെതിരെ മരസ്നേഹികൾക്കൊപ്പം കൈകോർത്ത് നാട്ടുകാരും ഓട്ടോ തൊഴിലളുകളും രംഗത്തെത്തി. മരം പൊള്ളയാണെന്ന് പ്രചാരണം നടത്തി വെട്ടിമാറ്റാനുള്ള സംഘടിത നീക്കമാണ് ഉദ്യോഗസ്ഥതലത്തിൽ നടക്കുന്നത്. താന്നിമരത്തിന്റെ ചുവട് കേട് പിടിച്ച് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷൻ അധികൃതർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്കും, ദുരന്തനിവാരണത്തിൽപ്പെടുത്തി മരം വെട്ടാൻ കളക്ടർക്കും കത്ത് നൽകി. കേടില്ലാത്ത മരം വെട്ടിമാറ്റാനുള്ള നീക്കവുമായ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കുമെന്ന് ജില്ലാ ട്രീ അതോറിറ്റി കമ്മിറ്റി അംഗങ്ങളായ കെ ബിനു, ഡോ.ബി.ശ്രീകുമാർ എന്നിവർ അറിയിച്ചു.
പ്രളയത്തെയും അതിജീവിച്ചു.
കഴിഞ്ഞ പ്രളയകാലത്തെയും അതിജീവിച്ച താന്നി മരത്തിന് സമീപം വലിയ കെട്ടിടങ്ങളുള്ളതിനാൽ ശക്തമായ കാറ്റ് അടിക്കാനുള്ള സാദ്ധ്യതയുമില്ല. വാട്ടമോ ഉണക്കലോ ഇല്ലാതെ നിറയെ ഇലകളുമായി നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന ധാർഷ്ട്യത്തോടെ മുന്നോട്ടു പോകുന്നവരെ ചില ജനപ്രതിനിധികളും പിന്തുണക്കുകയാണ്.
ജില്ലാ ട്രീ അതോറിറ്റി അംഗം കെ ബിനു പറയുന്നു.
ആർഡിഒയുടെ നിർദ്ദേശപ്രകാരം മരം പരിശോധിച്ചു. തീയിട്ടോ മറ്റു കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നില്ലെങ്കിൽ ആയിരം വർഷം കൂടി താന്നിമരം നിൽക്കുമെന്നാണ് മനസിലാക്കാനായത്. ഇല്ലാത്ത കേടിന്റെ പേരിൽ മരം വെട്ടാൻ ആരെയും അനുവദിക്കില്ല. വനം ഗവേഷണ സ്ഥാപനത്തിലെ വിദഗ്ദ്ധരുടെ അഭിപ്രായം അറിഞ്ഞ ശേഷമേ മരം മുറിക്കാവൂ. അല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.