കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് ദേശീയപാതയോരത്ത് ഇളപ്പുകൾ കവലയ്ക്ക് സമീപം നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി അനുസരിച്ചുള്ള വഴിയോര വിശ്രമ കേന്ദ്രമാണ് നിർമ്മിക്കുന്നത്. ആവശ്യമായ പൊതുഭൂമി ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ സ്വകാര്യഭൂമി 25 വർഷക്കാലത്തേക്ക് പാട്ടത്തിന് എടുത്താണ് കേന്ദ്രം നിർമ്മിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യഭൂമി പാട്ടത്തിന് എടുത്ത് ഗ്രാമപഞ്ചായത്ത് പൊതു ആവശ്യത്തിനുള്ള നിർമ്മാണപ്രവർത്തനം നടത്തുന്നത്. 35 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. കഫറ്റീരിയ, ശുചിമുറികൾ, വിശ്രമമുറികൾ എന്നിവയും ദേശീയപാത അധികൃതരുടെ അനുമതി ലഭിക്കുന്ന മുറക്ക് കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിംനേഷ്യം എന്നിവ വഴിയോര വിശ്രമ കേന്ദ്രത്തോട് അനുബന്ധിച്ച് നിർമ്മിക്കും. ശിലാസ്ഥാപന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്. കെ. മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്തംഗം ഗീത. എസ്. പിള്ള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജിജി നടുവത്താനി, ഡി. സേതുലക്ഷ്മി, ശ്രീകാന്ത് .പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീത മേരി മാമൻ ,വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു. കെ. ചെറിയാൻ, പഞ്ചായത്തംഗങ്ങളായ സുബിൻ നെടുംപുറം, ഓമന അരവിന്ദാക്ഷൻ, സൗദ ഇസ്മയിൽ, ഡെൽമ ജോർജ്, ജിബി പൊടിപാറ, ശോശാമ്മ പി. ജെ, എന്നിവർ സംസാരിച്ചു.