പാലാ: സ്‌കന്ദഷഷ്ഠിയോടനുബന്ധിച്ച് ജില്ലയിലെ പ്രമുഖ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളായ പാലാ ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിലും കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പുലർച്ചെ മുതൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെട്ടു.

ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രത്തിൽ മഹാഗുരുവിന്റെ പാദത്തിങ്കൽ ദക്ഷിണ സമർപ്പിച്ചുകൊണ്ടാണ് ഭക്തർ സ്‌കന്ദഷഷ്ഠി വ്രതത്തിന് തുടക്കമിട്ടത്. ആയിരങ്ങളാണ് ഇന്നലെ ഇടപ്പാടി ക്ഷേത്രത്തിലേക്കെത്തിയത്.

കോട്ടയം ജില്ലയിലെ കിഴക്കൻമേഖലയിൽ ഷഷ്ഠിപൂജയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാൽ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ച ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം.

ഓരോ വർഷത്തെയും ഷഷ്ഠിവ്രത ആരംഭം കുറിക്കുന്നത് സ്‌കന്ദഷഷ്ഠിനാളിലാണ്. ഗുരുപാദങ്ങളിൽ വെറ്റിലയും അടയ്ക്കയും ഒരു നാണയവും ചേർത്ത് കാണിക്ക സമർപ്പിച്ച ശേഷമാണ് ഭക്തർ സ്‌കന്ദഷഷ്ഠിവ്രതം ആരംഭിച്ചത്.

ഷഷ്ഠിയോടനുബന്ധിച്ച് മേൽശാന്തി വൈക്കം സനീഷ് ശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ കാര്യസിദ്ധിപൂജയും നടന്നു. ക്ഷേത്രയോഗം ഭാരവാഹികളായ എ.എൻ. ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി, മറ്റ് ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

കിടങ്ങൂർ :ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ ഗണപതിഹോമം, എതിർത്തപൂജ, ശ്രീബലി എഴുന്നള്ളത്ത്, നവകാഭിഷേകം, പാലഭിഷേകം, പഞ്ചഗവ്യാഭിഷേകം എന്നിവ നടന്നു. 12.30 നാണ് പ്രധാനമായ ഷഷ്ഠിപൂജ നടന്നത്. അഖണ്ഡനാമജപം, പുരാണപാരായണം, ഭഗവദ് കഥാകഥനം എന്നിവയുമുണ്ടായിരുന്നു.

കൊണ്ടാട്: ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശം, കലശപൂജ, കലാശാഭിഷേകം, അഷ്ടാഭിഷേകം, സഹസ്രപത്മാഭിഷേകം, സർവൈശ്വര്യപൂജ തുടർന്ന് ഷഷ്ഠിപൂജയും നടന്നു. അമൃതഭോജനവും ഉണ്ടായിരുന്നു. മേൽശാന്തി സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.


ഫോട്ടോ

ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി നാളിൽ മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ നേതൃത്വത്തിൽ നടന്ന കലശപൂജ