പാലാ: തീക്കട്ടയിലും ഉറുമ്പരിച്ചു; പ്രമുഖ ഓൺലൈൻ മാർക്കറ്റിംഗ് കമ്പനിയുടെ സ്‌ക്രാച്ച് ആൻഡ് വിന്നിൽ 9.50 ലക്ഷം രൂപ കിട്ടിയതായി വിജിലൻസ് ഡി.വൈ.എസ്.പി.ക്ക് കൊറിയറിൽ സന്ദേശമെത്തി. നാപ്‌റ്റോൾ കമ്പനിയുടെ പേരിലാണ് ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി. ഷാജു ജോസിന് അറിയിപ്പ് കിട്ടിയത്.
കഴിഞ്ഞദിവസം ഡി.വൈ.എസ്.പി.യുടെ പൂഞ്ഞാർ പെരിങ്ങുളത്തെ വീട്ടുവിലാസത്തിലാണ് കൊറിയർ എത്തിയത്. ഒരു സ്‌ക്രാച്ച് കൂപ്പണും ഒരു കത്തുമായിരുന്നു കൊറിയറിലെ ഉള്ളടക്കം.
സ്‌ക്രാച്ച് കൂപ്പൺ ചുരണ്ടിയാൽ ലക്ഷങ്ങൾ കിട്ടുമെന്നായിരുന്നു അറിയിപ്പ്. ഡിവൈ.എസ്.പിചുരണ്ടി നോക്കിയപ്പോൾ 9.50 ലക്ഷം രൂപ സമ്മാനമടിച്ചതായി കണ്ടു. ഇതിനായി അക്കൗണ്ട് ഡീറ്റെയിൽസ്, മറ്റ് വിവരങ്ങൾ ഒക്കെ നൽകുന്നതിന് ഒരു അപേക്ഷാഫോം കൂടി ഒപ്പമുണ്ടായിരുന്നു.
സമ്മാനം ലഭിക്കുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നികുതി, മറ്റ് പ്രോസസ്സിംഗ് ചാർജ്ജ് എല്ലാം കൂടി അഡ്വാൻസായി കമ്പനിക്ക് അയച്ചുകൊടുക്കണമെന്നും ഇത് സമ്മാനത്തുകയിൽ ഉൾപ്പെടുകയില്ലെന്ന നിബന്ധനയും കത്തിലുണ്ടായിരുന്നു. ഇവരുടെ ഹെൽപ് ലൈൻ നമ്പരും ഇമെയിൽ വിലാസവുമൊക്കെ കത്തിലുണ്ടായിരുന്നു.
കത്ത് കിട്ടിയപ്പോൾ തന്നെ തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞ ഡിവൈ.എസ്.പി ഷാജു ജോസ് നാപ്‌റ്റോളിന്റെ ഔദ്യോഗിക വൈബ്‌സൈറ്റ് പരിശോധിച്ചു. ഇങ്ങനെ തട്ടിപ്പ് പറ്റി ഒരു ലക്ഷവും രണ്ടര ലക്ഷവുമൊക്കെ കൊടുത്ത നിരവധി പേരുടെ ആവലാതികൾ വെബ്‌സൈറ്റിൽ കണ്ടു.
പ്രമുഖ മാർക്കറ്റിംഗ് കമ്പനിയായ നാപ്‌റ്റോളിനെ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിലാസവും മറ്റും തട്ടിപ്പുകാർ വെബ്‌സൈറ്റിൽ നിന്നും എടുത്തതാകാനാണ് സാധ്യതയെന്ന് കരുതുന്നു.
തനിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിലും തട്ടിപ്പ് സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്
ഫോട്ടോ അടിക്കുറിപ്പ്
നാപ്‌റ്റോൾ സ്‌ക്രാച്ച് ആന്റ് വിൻ കാർഡും അപേക്ഷാ ഫോമും