കുറിച്ചി : കുറിച്ചി, സചിവോത്തമപുരം പ്രദേശത്ത് കൂടി യാത്ര ചെയ്യുന്നവരുടെ നടുവൊടിഞ്ഞില്ലെങ്കിൽ ഭാഗ്യം. ഒപ്പം യാത്രാക്ളേശവും രൂക്ഷവുമായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പല ഇടറോഡുകളും പൊട്ടിപ്പൊളിഞ്ഞ് തകർന്ന നിലയിലാണ്.
നാല്പതിൻകവല - ഔട്ട്‌പോസ്റ്റ് റോഡ്
നാല്പതിൻകവലയിൽ നിന്ന് കുറിച്ചി ഔട്ട്‌പോസ്റ്റിലേക്കുള്ള റോഡ് കുണ്ടുംകുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാല്പതിൻകവല മുതൽ പനക്കളം ഭാഗം വരെയുള്ള ഭാഗം പൂർണ്ണമായി തകർന്നു. തിരക്കേറിയ മന്ദിരം കവല - എം.സി റോഡ് ചുറ്റാതെ ഔട്ട്‌പോസ്റ്റിലേക്ക് എത്താനുള്ള എളുപ്പമാർഗമാണിത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന റോഡ്.
കുതിരക്കുളമ്പടി കേൾക്കുന്ന റോഡ്
സചിവോത്തമപുരം കെട്ടിടംകുന്നിൽ നിന്ന് കോളനി ശ്മശാനം വഴി ചെമ്പുചിറയിലെത്തുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുതിരക്കുളമ്പടി ശബ്ദമാണ് കേൾക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ടാർ ഇളകിമാറി റോഡ് നിറയെ കുണ്ടുംകുഴിയുമാണ്. പുത്തൻകോളനിയേയും പഴയകോളനിയേയും ബന്ധിപ്പിക്കുന്ന ഈ റോഡ് വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്നു.
ഐടിസി - ചേലച്ചിറ റോഡ്
ഐ.ടി.സി മുതൽ ചേലച്ചിറകുളം വരെയുള്ള റോഡിലെ കുഴികൾ കല്ലുവെട്ടുകുഴികളെ അനുസ്മരിപ്പിക്കും. ടാറിംഗ് പൂർണ്ണമായും ഇളകിമാറി വലിയ ഉരുളൻകല്ലുകളാണ് ചിതറി കിടക്കുകയാണ്. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ തെന്നിമറിയുന്നത് നിത്യസംഭവമാണ്. രണ്ടുയാത്രക്കാരുമായി വരുന്ന ഇരുചക്രവാഹനങ്ങൾ ഒരാളെ ഇറക്കിയ ശേഷമാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്.