
പെരുന്ന: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നാജപം നടത്തിയവരെ സർക്കാർ മനഃപൂർവം ദ്രോഹിക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തിൽ മാറ്റിനിറുത്തുന്നതിനു തുല്യമാണ്. ഈ വേർതിരിക്കൽ സമുദായാംഗങ്ങൾ
മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് പതാക ദിനാചരണത്തിന്റെ ഭാഗമായി മന്നം സമാധിയിൽ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരുള്ള കേസുകൾ നിലനിൽക്കുമ്പോൾ കൊലപാതകമടക്കം നടത്തിയവർ സമൂഹത്തിൽ സ്വൈരമായി നടക്കുകയാണ്. കേസുകൾ പിൻവലിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നതാണ്. ഇതിനു വിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സർക്കാരിനെതിരെ തെരുവിലിറങ്ങാൻ എൻ.എസ്.എസിന് താത്പര്യമില്ല. സമുദായാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംഘടനയുടെ ബാദ്ധ്യതയാണ്. അതിനുവേണ്ടുന്ന തീരുമാനങ്ങൾ നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് ആസ്ഥാനത്ത് പ്രസിഡന്റ് ഡോ.എം.ശശികുമാർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും പതാക ഉയർത്തി.