kalolsavam

കോട്ടയം. ചെലവ് വർദ്ധിച്ചതോടെ സ്കൂൾ മേളകൾ എങ്ങനെ നടത്തുമെന്ന അങ്കലാപ്പിലാണ് അദ്ധ്യാപകർ. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് പിന്നാലെ ജില്ലാ ശാസ്ത്രമേളയും കായികമേളയും യൂത്ത് ഫെസ്റ്റിവലും ഈ മാസം നടക്കും. മേളകളുടെ പേരിൽ പിരിവും ആരംഭിച്ചിട്ടുണ്ട്.

സ്കൂൾ ശാസ്ത്രമേള, കലോത്സവം എന്നിവ നടത്താനുള്ള സർക്കാർ ഫണ്ട് അപര്യാപ്തമായതിനാൽ അദ്ധ്യാപകർ നെട്ടോട്ടമോടുകയാണ്. തങ്ങളുടെ പോക്കറ്റിൽ നിന്ന് 500 മുതൽ 1500 രൂപ വരെ പിരിവിട്ട് എങ്ങനെയും ഉപജില്ലാ കലോത്സവം നടത്താനുള്ള ശ്രമത്തിലാണ് അവർ. ജില്ലയിൽ 13 ഉപജില്ലകളാണുള്ളത്. കോട്ടയം ഈ​സ്റ്റ് ഉപജില്ലയിൽ അദ്ധ്യാപക സംഘടനകളുടെ എതിർപ്പ് ഉണ്ടായതോടെ പിരിവ് ഒഴിവാക്കി. മിക്ക ഉപജില്ലകളിലും ഹയർസെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി അദ്ധ്യാപകരിൽ നിന്ന് പല തുകകളാണ് ഈടാക്കുന്നത്. ഏറ്റുമാനൂർ ഉപജില്ലയിൽ ഹയർ സെക്കൻഡറി ടീച്ചർ 1000, ഹൈസ്കൂൾ ടീച്ചർ 750 എന്നിങ്ങനെ നൽകാനാണ് നിർദ്ദേശം. പാലായിൽ മുന്നൂറും ചങ്ങനാശ്ശേരിയിൽ നൂറും വീതം നൽകാൻ നിർദ്ദേശമുണ്ട്. ജില്ലാ ശാസ്ത്രമേളയ്ക്ക് ഇത്തവണ 47,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 67,000 ആയിരുന്നു. ഇതിന് പുറമേ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങുന്നുണ്ട്.

ചെലവ് ഉയരുന്നു.

കൊവിഡിന് ശേഷം യാത്രയും പന്തലും മുതൽ ഭക്ഷണംവരെയുള്ള മുഴുവൻ ചെലവുകളും കൂടി. ഉപജില്ലാ കലോത്സവങ്ങളിൽ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാനുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കില്ല. ആ തുക സ്പോൺസർമാരെ കണ്ടെത്തി ഈടാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. എന്നാൽ പഴയതുപോലെ സ്പോൺസർമാരെ കണ്ടെത്തുക എളുപ്പമല്ലെന്ന് അദ്ധ്യാപകർ പറയുന്നു. ​

സ്റ്റേജ്, ലൈറ്റ്, സൗണ്ട്, വിധികർത്താക്കൾ എങ്ങിനെ നീളുന്നു മറ്റ് ചെലവുകൾ. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഫണ്ട് പിരിക്കാൻ കഴിയില്ല. അതേസമയം പി.ടി.എകളിൽ നിന്ന് സംഭാവന ഈടാക്കുന്നുണ്ട്.

വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പറയുന്നു.

''സർക്കാർ ഫണ്ട് മാത്രം കൊണ്ട് മേളകൾ നടത്താൻ സാധിക്കില്ല. അതിനുള്ള തുക പി.ടി.എ, പൊതുജനങ്ങൾ തുടങ്ങിയവരിൽ നിന്ന് കണ്ടെത്തണം. അദ്ധ്യാപകരിൽ നിന്നും പിരിക്കാൻ ജില്ലാതല തീരുമാനമില്ല. എന്നാൽ ഉപജില്ലകളിൽ സംഘാടകസമിതി കൂടി തീരുമാനം എടുക്കാം.

അദ്ധ്യാപകനായ നാസർ മുണ്ടക്കയം പറയുന്നു.

മേളകൾ നടത്താനായി അദ്ധ്യാപകരിൽ നിന്ന് പണം ഈടാക്കുന്നുണ്ട്. കൊവിഡിന് ശേഷം ഉപജില്ലാതലത്തിൽ മേളകൾ സംഘടിപ്പിക്കാൻ വലിയ പ്രതിസന്ധി നേരിടുന്നു. സർക്കാർ ഫണ്ട് വർദ്ധിപ്പിക്കാതെ നിവൃത്തിയില്ല.