പാലാ : പുലിയന്നൂർ - വള്ളിച്ചിറ റോഡ് സൈഡ് കോൺക്രീറ്റ് (ഐറിഷ് ഡ്രെയിൻ) ഇത്രയും മതിയോ. മുക്കാൽ കിലോമീറ്ററോളം ദൂരത്ത് റോഡുവക്കിലെ കോൺക്രീറ്റ് ഇനിയും ബാക്കിയാണ്. ഇത്രയൊക്കെയേയുള്ളൂ എന്നാണ് റോഡ് നിർമ്മാണം നടത്തിയ പൊതുമരാമത്തുവകുപ്പ് കാഞ്ഞിരപ്പള്ളി ദേശീയപാത ഉപവിഭാഗം അധികൃതർ പറയുന്നത്. വലവൂർ ട്രിപ്പിൾ ഐ.ടിയിലേക്കുള്ള പ്രധാന പാതകളിലൊന്നാണ് പുലിയന്നൂർ - വള്ളിച്ചിറ റോഡ്. എന്നാൽ ഈ റോഡിന്റെ പുലയിന്നൂർ ക്ഷേത്രം വടക്കേനട ഭാഗം വരെയെ റോഡിനും സംരക്ഷണഭിത്തിക്കും ഇടയിലായി കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. വടക്കേനട ഭാഗം മുതൽ കലാനിലയം സ്‌കൂൾ ജംഗ്ഷൻ ഭാഗത്ത് റോഡും പാടവും അതിരിടുന്ന സംരക്ഷണ ഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് ഇല്ല.

മുക്കാൽ കിലോമീറ്ററോളം വരുന്ന ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. ബാക്കി ഭാഗത്തുനിന്നുള്ള കോൺക്രീറ്റിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇവിടെ താഴ്ന്ന് സംരക്ഷണഭിത്തി ഇടിയാൻ സാദ്ധ്യതയുണ്ട്. നിർമ്മാണം ആരംഭിച്ചിട്ട് രണ്ടരവർഷമായിട്ടും ഈ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടില്ല. ഒരു കിലോമീറ്ററിന് ഒരുകോടി രൂപ മുടക്കി പണിത റോഡിലാണ് ഈ ചക്കാത്ത് പണി നടത്തി പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗം പിൻമാറിയത്.


എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ച തുക തീർന്നെന്ന്

എസ്റ്റിമേറ്റിലെ തുക തീർന്നതിനാലാണ് ഐറിഷ് ഡ്രെയിൻ പണികൾ ഇടയ്ക്ക് വച്ച് നിറുത്തിയതെന്ന് ദേശീയപാത കാഞ്ഞിരപ്പള്ളി ഉപവിഭാഗം ഓഫീസിലെ ജീവനക്കാർ പറയുന്നു. എസ്റ്റിമേറ്റ് പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഉടൻ ഉണ്ടാകും. എന്നാൽ നിലവിൽ പണികൾ പൂർത്തീകരിച്ചതാണെന്നും ഓരോരുത്തരുടെയും വീട്ടുപടിക്കൽ കോൺക്രീറ്റ് ചെയ്യാൻ സാധിക്കില്ലെന്നും ദേശീയപാതാ വിഭാഗം കാഞ്ഞിരപ്പള്ളി അസി. എൻജിനിയർ നിഖിൽ പറഞ്ഞു. ബാക്കിഭാഗം കോൺക്രീറ്റ് ചെയ്തില്ല എന്നുകരുതി അവിടം ഇടിഞ്ഞുപോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.