പാലാ : കടയം സ്‌കൂളിലെ പിഞ്ചുകുട്ടികൾക്കും അദ്ധ്യാപകർക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ച് സ്‌കൂൾ വളപ്പിൽ തള്ളിയിരുന്ന പഴയ കെട്ടിടത്തിന്റെ സാധനങ്ങൾ ഉടൻ നീക്കും. കടയം സ്‌കൂൾ വളപ്പിൽ പഴയകെട്ടിട സാധനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നത് ചൂണ്ടിക്കാട്ടി ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ അടിയന്തിര നടപടികൾ സ്വീകരിക്കാൻ പാലാ നഗരസഭാ അധികൃതർ തീരുമാനിക്കുകയായിരുന്നു.

എൻജിനിയറിംഗ് വിഭാഗത്തോട് സ്ഥലത്തെത്തി പരിശോധന നടത്തി വില നിശ്ചയിച്ച് ഉടൻ സാധനങ്ങൾ നീക്കാനാവശ്യപ്പെട്ടിട്ടുണ്ട്. എൻജിനിയർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വർഷം മുമ്പാണ് പഴയ സ്‌കൂൾ മന്ദിരം പൊളിച്ച് പുതിയ മന്ദിരം പണിതത്. പഴയ മന്ദിരത്തിന്റെ കാതലായ തടി ഉരുപ്പടികൾ, ഓടുകൾ, ഇഷ്ടിക, ആസ്ബസ്റ്റോസ് ഷീറ്റുകൾ തുടങ്ങിയവയെല്ലാം സ്‌കൂളിന് പിന്നിലെ കാടുപിടിച്ച സ്ഥലത്ത് കിടന്ന് നശിക്കുകയായിരുന്നു. പലതവണ പി.ടി.എ അധികൃതർ ഇത് നീക്കണമെന്ന് നഗരസഭാ അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നീക്കാൻ തയ്യാറായിരുന്നില്ല.