ആനിക്കാട് : ശ്രീശങ്കരനാരായണമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ജനപ്രതിനിധികൾ, വിവിധ സാമുദായിക രാഷ്ട്രീയ സാംസ്കാരിക സംഘടനാ ഭാരവാഹികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവരടങ്ങുന്ന 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 2023 ജനുവരി 15 നാണ് കൊടിയേറ്റ്, 19 ന് ഉത്സവബലി, 20 ന് ദേശവിളക്ക്, 21 ന് പള്ളിവേട്ട. 22 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. കലാപരിപാടികളും സംഘടിപ്പിക്കും. മുഖ്യ രക്ഷാധികാരിയായി കെ.എസ് വേണുഗോപാലൻ നായർ (കല്ലാൽ), പ്രസിഡന്റായി എൻ.ഹരി തെക്കേപ്പറമ്പിൽ (റബർ ബോർഡംഗം), ജനറൽ കൺവീനറായി പി.ആർ അജയ്മോൻ പുളിക്കൽ എന്നിവരെയും വിവിധ സബ് കമ്മറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി അഞ്ചാനി, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു വീട്ടിക്കൽ, ആനിക്കാട് ശങ്കരനാരായണ സേവാ സംഘം പ്രസിഡൻ്റ് ആർ രാജേഷ്, സെക്രട്ടറി രതീഷ് കട്ടച്ചിറ എന്നിവർ പ്രസംഗിച്ചു.