കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് നഗരസഭ ഒഴിപ്പിച്ച വ്യാപാരികൾക്ക് പറയാനുള്ളത് കണ്ണീർക്കഥയാണ്. 52 ലൈസൻസികളെയും ഒഴിപ്പിച്ചിട്ട് നവംബർ 3 ന് ഒരുമാസമാകുകയാണ്. മിക്കവരും പുതിയൊരിടം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. പുനരധിവാസ പാക്കേജിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനത്തിലെത്താൻ നഗരസഭയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കൗൺസിൽ യോഗങ്ങൾ കൂടിയെങ്കിലും അഭിപ്രായ ഭിന്നതയിൽ അവസാനിക്കുകയാണ് പതിവ്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലുണ്ടായിരുന്ന ലൈസൻസികളെ നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ ഒഴിഞ്ഞുകിടക്കുന്ന കടകളിലേക്ക് മാറ്റാൻ ധാരണയായെങ്കിലും ആരും മാറിയിട്ടില്ല. അപേക്ഷ സമർപ്പിച്ചവർക്കും മുറി ലഭിച്ചില്ല. കൽപക സൂപ്പർമാർക്കറ്റിരിക്കുന്ന ഭാഗം പൊളിച്ച് അവിടെ താത്കാലിക ഷെഡ് ഒരുക്കുമെന്ന് വ്യാപാരികളോട് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
നിലവിൽ രണ്ട് പേർ മാത്രമാണ് നഗരത്തിലെ മറ്റു കെട്ടിങ്ങളിലേക്ക് മാറി വ്യാപാരം പുന:രാരംഭിച്ചത്. ചിലർ മുറികൾ കണ്ടെത്തി നവീകരിക്കുന്നു. വ്യാപാരികളെയെല്ലാം ഒഴിപ്പിച്ചെങ്കിലും ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും ഇതുവരെ മാറ്റിയിട്ടില്ല. ഒന്നാം നിലയിലുണ്ടായിരുന്ന പലരും ഷട്ടറിട്ട കടകൾക്ക് മുന്നിൽ വ്യാപാരം തുടങ്ങി. ലോട്ടറിക്കട, ബേക്കറി, ചെരുപ്പ് കട തുടങ്ങി എട്ടോളം കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബസിനായി കാത്തുനിൽക്കുന്നവരുടെ ഏക ആശ്വാസവും ഈ കടകളാണ്.
പുനരധിവാസത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞില്ല. കടബാധ്യത ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നത്തിലാണ് വ്യാപാരികൾ
മോഹൻ, വ്യാപാരി
വ്യാപാരികളെയും കൂടി ഉൾപ്പെടുത്തി നവംബർ 7നകം ചർച്ച നടത്തും
ബിൻസി സെബാസ്റ്റ്യൻ (നഗരസഭ ചെയർപേഴ്സൺ)