കുമരകം : ഏഴ് പതിറ്റാണ്ട് കാലം നാടിന് സഞ്ചാര സൗകര്യമൊരുക്കി നിലനിന്ന കോട്ടയം കുമരകം ചേർത്തല റൂട്ടിലെ കോണത്താറ്റ് പാലം ഇന്ന് പൊളിക്കാൻ തുടങ്ങും. ഒരു ഗ്രാമത്തിന്റെ പൊതു വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് കോണത്താറ്റ് പാലം വന്നതോടെ കുമരകത്തിന് നേടാനായത്. 1950 കളിൽ ആറ്റാമംഗലം പള്ളിയ്ക്കു സമീപം വരെയെ വാഹനങ്ങൾ എത്തിയിരുന്നുള്ളൂ. കുമരകം കോണത്താറ്റ് കുടുംബം സൗജന്യ മായി നൽകിയ ഭൂമിയിലാണ് പിന്നീട് പാലം നിർമ്മിച്ചത്. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുർബലമാകാത്ത പാലം വാഹനാധിക്യത്താലാണ് പൊളിക്കുന്നത്. ഇല്ലിക്കൽ ജംഗ്ഷൻ മുതൽ കുമരകം വരെ 13.3 കിലോ മീറ്റർ റോഡ് കിഫ്ബി വഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലം നിർമ്മാണം. 120 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പാലം പൊളിക്കുമ്പോൾ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള റോഡ് തയ്യാറായി. റോഡിന് 6 മീറ്റർ വീതിയുണ്ട്. കിഴക്കു നിന്നു വരുന്ന വാഹനങ്ങൾ ആശുപത്രി റോഡിലൂടെ അട്ടിപ്പീടിക ഭാഗത്തേക്കും ഗുരുമന്ദിരം ഭാഗത്തു കൂടി കുമരകം റോഡിൽ പ്രവേശിച്ചും വൈക്കം ചേർത്തല ഭാഗത്തേക്കും പോകാം. ഇരുകരകളിലും പൊലീസ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കും. കോട്ടയത്തു നിന്നുവരുന്ന ബസുകൾ ആറ്റാമംഗലം പള്ളിവക സ്ഥലത്ത് പാർക്ക് ചെയ്യും. ചേർത്തല, വൈക്കം ഭാഗത്ത് നിന്നുവരുന്ന ബസുകൾ പഞ്ചായത്ത് ബസ്ബേയ്ക്ക് വാങ്ങിയ സ്ഥലത്തും പുതിയകാവ് ക്ഷേത്രത്തിനു സമീപത്തെ സ്ഥലത്തും പാർക്ക് ചെയ്യും.ചേർത്തല, വൈക്കം, കോട്ടയം പോകേണ്ട യാത്രക്കാർ പാലത്തിന് ഇരുകരകളിലും ഇറങ്ങി താത്ക്കാലിക റോഡിലൂടെ നടന്ന് അടുത്ത ബസിൽ പോകണം. 6 മാസം കൊണ്ടു പാലം പണി പൂർത്തിയാക്കുകയാണു ലക്ഷ്യം.