
തിരുവനന്തപുരം : പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം മൂന്നുവട്ടമാണ് അദ്ദേഹം വഹിച്ചത്. ഇത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. വിഭാഗീയത കൊടിപാറിച്ച 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ചുമതലയേറ്റതു മുതൽ മദ്ധ്യസ്ഥന്റെ റോളിലായിരുന്നു. 2018ലെ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുമ്പോൾ വിഭാഗീയത ഏതാണ്ട് പൂർണ്ണമായും തുടച്ചുനീക്കാൻ കഴിഞ്ഞു. കൊച്ചിയിൽ ഹാട്രിക് നേട്ടത്തിലെത്തിയപ്പോൾ വിഭാഗീയതയുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ പോലുമുണ്ടായില്ലെന്നതിന്റെ ക്രെഡിറ്റും കോടിയേരിക്ക് മാത്രംസ്വന്തം.
കോടിയേരി 1969 ലാണ് സി.പി. എം അംഗമാകുന്നത്. മാഹി മഹാത്മാഗാന്ധി ഗവ.കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബിരുദധാരിയാണ്. എസ്.എഫ്.ഐയെ കേരളത്തിലെ കരുത്തുറ്റ വിദ്യാർത്ഥി പ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നൽകി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം 'മിസ' തടവുകാരനായി ജയിലിൽ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായും പ്രവർത്തിച്ചു.
35-ാം വയസിൽ സംസ്ഥാന കമ്മിറ്റിയിൽ
മുപ്പത്തിയഞ്ചാം വയസിലാണ് ആലപ്പുഴ സമ്മേളനത്തിൽ കോടിയേരി സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്. 1994ൽ സെക്രട്ടേറിയറ്റിലെത്തി. 82, 87, 2001, 2006, 2011 വർഷങ്ങളിൽ തലശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി . 2006ൽ വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. 2011ൽ പ്രതിപക്ഷ ഉപനേതാവും. കേരള കർഷകസംഘം, അഖിലേന്ത്യാ കിസാൻ സഭ തുടങ്ങിയ ട്രേഡ് യൂണിയൻ രംഗത്തും സാരഥ്യം വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി.ഗോവിന്ദൻ 1988ൽ മാറിയപ്പോൾ എം.എൽ.എ ആയിരുന്ന കോടിയേരിയാണ് പകരമെത്തിയത്. ആറുവർഷം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടർന്നു.
ആലപ്പുഴ സമ്മേളനം മുതൽ മദ്ധ്യസ്ഥന്റെ റോൾ
2015 ലെ ആലപ്പുഴയിലെ സമ്മേളനത്തിൽ വി.എസ് ഉൾപ്പടെയുള്ളവരെ ഒന്നിപ്പിച്ചു നിർത്തണമെന്ന ആവശ്യത്തിന് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കുന്നതിലും കോടിയേരിയുടെ തുറന്ന മനസുണ്ടായിരുന്നു. തുടർച്ചയായി മൂന്നാം തവണയും സെക്രട്ടറി സ്ഥാനത്ത് എത്തിയപ്പോഴും മദ്ധ്യസ്ഥന്റെ റോളിൽതന്നെയായിരുന്നു. പാലക്കാട് സമ്മേനത്തിലെ വെട്ടിനിരത്തലിനുശേഷം വിഭാഗീയത കത്തിനിൽക്കെ 2002ൽ കണ്ണൂരിൽ നടന്ന പതിനേഴാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചുമതലക്കാരൻ കോടിയേരി ആയിരുന്നു.
കേരളത്തിലെ വിഭാഗീയത മൂർദ്ധന്യത്തിൽ എത്തിനിന്നിരുന്ന 2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് കോടിയേരി പി.ബി അംഗമാവുന്നത്. തന്നേക്കാൾ മുമ്പ് കേന്ദ്ര കമ്മിറ്റിയിലെത്തിയവരെ മറികടന്നാണ് കോടിയേരിക്ക് നറുക്ക് വീണത്. അത് ഭാഗ്യപരീക്ഷണമല്ലെന്നും പാർട്ടിയെ നയിക്കാനുള്ള അംഗീകാരമാണെന്നും പിന്നീട് കോടിയേരി തെളിയിക്കുകയായിരുന്നു. വി.എസ് മന്ത്രിസഭയിൽ ആഭ്യന്തര-ടൂറിസം മന്ത്രിയെന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. കേരളത്തെ ക്രമസമാധാനപാലനത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതിനും പൊലീസ് സേനയ്ക്ക് മാനുഷികമുഖം നൽകിയ പരിഷ്‌കാരങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയെന്ന വിശേഷണവും കോടിയേരിക്ക് ലഭിച്ചു.
2020 നവംബർ 13ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് അവധിയെടുത്ത കോടിയേരി 2021 ഡിസംബർ മൂന്നിനാണ് തിരിച്ചെത്തിയത്. മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സൃഷ്ടിച്ച പിരിമുറുക്കം കൂടി നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു അവധിയെടുത്തത്.