
കവിത
ഒന്ന് രണ്ട് മൂന്ന്,എണ്ണിത്തീരും മുന്നേ
അവളെങ്ങോ പോയൊളിച്ചു...
അവളുടെ ചുവന്ന പുള്ളിപ്പാവാടയും
പച്ചബ്ലൗസ്സും അവളെ കാത്തിരുന്നു
കിലുങ്ങുന്ന കുപ്പിവളകളും
അഴിഞ്ഞുവീണ പാദസരങ്ങളിലൊന്നും
മുടിയിഴപറ്റിപ്പിടിച്ച മുടിപ്പിന്നും
ചൂടാൻ കോർത്തുവച്ച മുല്ലപ്പൂക്കളും
ചുവരിലൊട്ടിയ സ്റ്റിക്കർ പൊട്ടും
അവളെത്തുന്നതും കാതോർത്തിരുന്നു...
പകുതിവായിച്ച കവിതാപുസ്തകം
തലയിണച്ചോട്ടിൽ നിന്നെത്തിനോക്കി
അതിനുള്ളിൽ നിന്നും തലനീട്ടിനോക്കിയ
മയിൽപ്പീലികൾക്കൊപ്പം എന്തിനോ
മേശവിരിപ്പിലെ ചിതറിയകുന്നിമണികളും
അവയോട് മത്സരിച്ചമഞ്ചാടിമണികളും
കാക്കപ്പുള്ളിയുള്ള അവളുടെ മിഴികളെ
താലോലിക്കാൻ കൊതിച്ചിരുന്നു...
ഉമ്മറത്തെ മരപ്പലകയിൽ നിറതിരിയെരിയാൻ
എണ്ണപകരാനെത്തുമെന്ന് നിലവിളക്കും
കൊഞ്ചലിന്റെ ഈണത്തിൽ
നാട്ടുപായാരം കേൾക്കാൻ
പഴംപായിൽ മുത്തശ്ശിയും
അടുക്കളശ്ശകാരത്തിന്റെ
എരിവെണ്ണപകരാനമ്മയും
കുറുമ്പോടെ പലഹാരപ്പൊതി
തരില്ലെന്നു പറയാനച്ഛനും
പിന്നെ പറയാത്ത പ്രണയത്തിലെ
മാലാഖയെ കാത്തുകാത്തവനും...
ഒന്ന് രണ്ട് മൂന്ന്...
അക്കങ്ങളവസാനിച്ചില്ല...
പ്രാണനിലേയ്ക്കു ചാഞ്ഞൊരൂഞ്ഞാൽ
ആടിയാടിത്തളർന്നു നിന്നു
ആത്മാവിന്റെ കയത്തിൽ നിന്നും
നീരാടിത്തീരാതെ അവളിറങ്ങി നടന്നു
ജീവനോളം ഇറ്റുവീഴുന്ന കണ്ണീരോടെ
എല്ലാരുമെല്ലാരും കാത്തിരിക്കുന്നു...
അവസാനിക്കാത്തൊരു സാറ്റുകളിയിൽ
അവളെന്തിനാണാ കയത്തിലൊളിച്ചത്....?